Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ഉപരോധം കൂസാതെ ഇന്ത്യ; ‘എസ്–400’ മിസൈൽ ഇടപാടിൽനിന്ന് പിന്മാറില്ലെന്ന് പ്രതിരോധമന്ത്രി

S400

ന്യൂഡൽഹി∙ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് ഭീഷണി തള്ളി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ആകാശ പ്രതിരോധ മേഖലയിലെ നാലാം തലമുറയിൽപ്പെട്ട അത്യാധുനിക റഷ്യൻ മിസൈൽ സംവിധാനമായ ‘എസ്–400 ട്രയംഫ്’ വാങ്ങാനുള്ള പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറില്ലെന്നു മന്ത്രി പറഞ്ഞു. 40,000 കോടി രൂപയുടെ ഇടപാടാണിത്. 

എതിരാളിയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്ക്കും ബാധകമാക്കുമെന്ന ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു വ്യ‌ക്തമാക്കിയ മന്ത്രി, പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള ദീർഘകാല ബന്ധത്തിന്റെ മൂല്യം യുഎസുമായി നടത്തിയ ചർച്ചകളിലെല്ലാം ഇന്ത്യ അടിവരയിട്ടു വ്യ‌ക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 

കശ്മീരിൽ റമസാൻ മാസത്തിൽ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുമെങ്കിലും പ്രകോപനമില്ലാതെ സൈന്യത്തിനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും. ഇക്കാര്യത്തിൽ സേനയ്ക്കു പൂർണ സ്വാതന്ത്ര്യമുണ്ട്. 

റഫാൽ യുദ്ധവിമാന ഇടപാടിൽ ഒരു തലത്തിലും അഴിമതിയില്ല. മുൻ സർക്കാരിന്റെ കാലത്തു നടക്കാതെ പോയ ഇടപാടുമായി നിലവിലുള്ളതിനെ താരതമ്യപ്പെടുത്തി നഷ്ടക്കണക്കു നിരത്താനുള്ള നീക്കം വിലപ്പോവില്ല. കഴിഞ്ഞ നാലുവർഷമായി പ്രതിരോധ മന്ത്രാലയവും കേന്ദ്രസർക്കാരും അഴിമതി മുക്തമാണ്. സേനകൾക്കായി ഏറ്റവുമധികം പണം ചെലവഴിച്ച സർക്കാരാണിത്. 

സേനകൾ ആയുധബലത്തിൽ പൂർണ സജ്ജമാണ്. ആയുധങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടാണു വിവിധ ഇടപാടുകളിൽ സേനാ മേധാവികൾക്കുള്ള സാമ്പത്തിക അധികാരം വർധിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.