കോൺഗ്രസ് വന്നാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതിത്തള്ളും: ‌രാഹുൽ

മധ്യപ്രദേശിലെ മൻസോറിൽ കഴിഞ്ഞ വർഷം പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട കർഷകന്റെ ബന്ധുവിനെ ആശ്വസിപ്പിക്കുന്ന കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഭോപാൽ∙ കഴിഞ്ഞവർഷം ജൂണിൽ പൊലീസ് വെടിവയ്പിൽ ആറു കർഷകർ കൊല്ലപ്പെട്ട മൻസോറിലെ പിപ്‌ലിയ മാണ്ടിയിൽ കൂറ്റൻ കർഷക റാലിയോടെ മധ്യപ്രദേശിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം മധ്യപ്രദേശിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകരുടെ ദുരിതത്തിനു കേന്ദ്ര–സംസ്ഥാന സർക്കാരുകളാണ് ഉത്തരവാദിയെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകും. സംസ്ഥാനത്തെ എല്ലാ കാർഷിക കേന്ദ്രങ്ങളിലും ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങും.

എൻഡിഎ സർക്കാർ 15 വ്യവസായികൾക്കു വേണ്ടി 2.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. എന്നാൽ കൃഷിക്കാർക്ക് ഒരുരൂപ പോലും ഇളവു നൽകിയില്ല. അതേസമയം കോൺഗ്രസിന് അധികാരമുള്ള പഞ്ചാബിൽ കാർഷിക കടം എഴുതിത്തള്ളിയെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ ഈ വർഷം നവംബറിലാണു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. 15 വർഷമായി ബിജെപിയാണു സംസ്ഥാനം ഭരിക്കുന്നത്.

രാഹുലിന് എന്തറിയാം: ജയ്റ്റ്‌ലി

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ മൻസോർ പ്രസംഗത്തിനെതിരെ ബിജെപി നേതാവും ധനമന്ത്രിയുമായ അരുൺ ജയ്റ്റ്ലി. രാഹുൽ ഗാന്ധിക്ക് ഒന്നിനെപ്പറ്റിയും ശരിയായ ധാരണയില്ലെന്നും അദ്ദേഹം വസ്തുതകൾ പരിഗണിക്കാറില്ലെന്നും ജയ്റ്റ്ലി ഫെയ്‌സ്ബുക് പോസ്റ്റിൽ പറഞ്ഞു ‘പാർലമെന്റിനകത്തും പുറത്തും രാഹുൽ ഗാന്ധിയെ ശ്രദ്ധിക്കുമ്പോഴെല്ലാം എനിക്കു തോന്നാറുണ്ട്: ‘അദ്ദേഹത്തിന് എന്തറിയാം? എന്നാണ് അദ്ദേഹം ഇതെല്ലാം അറിയുക?’ വ്യവസായികൾക്കു മോദി സർക്കാർ ഇളവു നൽകിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ജയ്റ്റ്ലി പറഞ്ഞു.