Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ 25 മന്ത്രിമാർ കൂടി

H.D. Kumaraswamy

ബെംഗളൂരു ∙ രണ്ടാഴ്ചത്തെ കാത്തിരിപ്പി‌നും കൂടിയാലോചനകൾക്കും ശേഷം ജനതാദൾ(എസ്)-കോൺഗ്രസ് സഖ്യകക്ഷി മന്ത്രിസഭ വികസിപ്പിച്ചു. എച്ച്.ഡി.കുമാരസ്വാമി നേതൃത്വംനൽകുന്ന സർക്കാരിൽ 25 മന്ത്രിമാർ കൂടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

കോൺഗ്രസിൽ നിന്നു 14 പേരും ദളിൽ നിന്ന് ഒൻപതു പേരുമാണ് ഇന്നലെ മന്ത്രിമാരായത്. ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ഏക എംഎൽഎ എൻ.മഹേഷ് മന്ത്രിയായതോടെ, ഉത്തർപ്രദേശിനു പുറത്തു പാർട്ടി ആദ്യമായി ഒരു മന്ത്രിസഭയിൽ ഇടംപിടിച്ചു. ഒരംഗം മാത്രമുള്ള കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയുടെ ആർ.ശങ്കറും മന്ത്രിയായി. കോൺഗ്രസ് എംഎൽസിയും നടിയുമായ ജയമാലയാണ് ഏക വനിതാ മന്ത്രി. കെ.ജെ.ജോർജും യു.ടി.ഖാദറും മന്ത്രിസഭയിലെ മലയാളികൾ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ് 23നു മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കോൺഗ്രസിൽ നിന്നു പ്രമുഖ നേതാക്കളായ ഡി.കെ.ശിവകുമാർ, ആർ.വി.ദേശ്പാണ്ഡെതുടങ്ങിയവരും മന്ത്രിമാരായി.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി.രേവണ്ണ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയിൽ പരാജയപ്പെടുത്തിയ ജി.ടി.ദേവെഗൗഡ തുടങ്ങിയവരും മന്ത്രിസഭയിലുണ്ട്.

related stories