Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ വധിക്കാൻ മാവോയിസ്റ്റ് ഗൂഢാലോചന: പുണെ പൊലീസ്

modi-rona നരേന്ദ്ര മോദി, റോണ വിൽസൺ

പുണെ∙ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിനു സമാനമായ രീതിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്താൻ മാവോയിസ്റ്റുകൾ പദ്ധതിയിടുന്നുവെന്നു പൊലീസ്. മാവോയിസ്റ്റ് ബന്ധമാരോപിച്ചു കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റ് ചെയ്ത മലയാളിയായ സാമൂഹിക പ്രവർത്തകൻ റോണ വിൽസന്റെ വസതിയിൽനിന്നു കണ്ടെടുത്ത കത്തിലാണ് ഈ ഗൂഢാലോചനയുടെ വിവരങ്ങളുള്ളതെന്നു പുണെ പൊലീസ് കോടതിയെ അറിയിച്ചു.

‘രാജീവ് ഗാന്ധി സംഭവത്തിന്റെ മാതൃക’യിൽ മോദിയുടെ ‘റോഡ് ഷോ’യ്ക്കിടെ അദ്ദേഹത്തെ ലക്ഷ്യമിടാനുള്ള പദ്ധതിയുടെ സൂചനകൾ കത്തിലുണ്ടെന്നാണു പൊലീസ് വെളിപ്പെടുത്തിയത്. ‘ആർ’ എന്നു സ്വയം പരിചയപ്പെടുത്തുന്ന ആൾ ‘കോംറേഡ് പ്രകാശി’ന് എഴുതിയതാണു കത്ത്.

എ–4 റൈഫിളും പദ്ധതിക്കാവശ്യമായ വെടിക്കോപ്പുകളും സംഘടിപ്പിക്കാൻ എട്ടുകോടി രൂപ വേണ്ടിവരുമെന്നും കത്തിലുണ്ട്. പുണെയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ഭീമ–കോരെഗാവ് കലാപവുമായി ബന്ധപ്പെട്ടാണു മുംബൈ, നാഗ്‌പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്നു റോണ വിൽസൻ അടക്കം അ‍ഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി 14 വരെ റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള വാദത്തിനിടെയാണ്, റെയ്ഡിൽ കണ്ടെടുത്ത കത്തിന്റെ കാര്യം പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വല പവാർ കോടതിയെ അറിയിച്ചത്.

എന്നാൽ കത്തു കെട്ടിച്ചമച്ചതാണെന്നു പ്രതികളുടെ അഭിഭാഷകർ വാദിച്ചു. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു പ്രവർത്തിക്കുന്ന സംഘടനയിലെ അംഗമായ റോണ വിൽസനു പുറമേ ദലിത് പ്രവർത്തകൻ സുധീർ ധാവ്‌ളെ, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലി, മഹേഷ് രാവുത്ത്, ഷോമ സെൻ എന്നിവരാണ് അറസ്റ്റിലായത്. മോദി ഭരണകൂടം ആദിവാസികളെ കൊന്നൊടുക്കുകയാണെന്നും ഹിന്ദു ഫാഷിസത്തെ പരാജയപ്പെടുത്തേണ്ടതു പാർട്ടിയുടെ കേന്ദ്രലക്ഷ്യമാണെന്നും കത്തിൽ പറയുന്നു.

മോദിയുടെ ഭരണം അവസാനിപ്പിക്കാനുള്ള പ്രത്യക്ഷ നപടിക്കു രൂപമായിട്ടുണ്ടെന്നും രാജീവ് ഗാന്ധി സംഭവത്തിന്റെ മാതൃകയിലാണ് ആലോചനയെന്നും പരമാർശിക്കുന്നുണ്ട്. 1991 മേയ് 21നു തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിൽ തമിഴ്പുലികൾ നടത്തിയ ചാവേർ സ്ഫോടനത്തിലാണു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

എന്നാൽ, ജനപ്രീതി നഷ്ടമാകുമ്പോഴൊക്കെ വധഗൂഢാലോചനയുടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതു നരേന്ദ്ര മോദിയുടെ സ്ഥിരം തന്ത്രമാണെന്നു കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ആരോപിച്ചു. ഇത്തവണ പൊലീസ് പറയുന്നതിൽ എന്തുമാത്രം സത്യമുണ്ടെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും കോടതി തീരുമാനിക്കട്ടെയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

related stories