Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിൽ ഉറച്ച് കർഷകർ; ജാബുവയിൽ ജലസത്യഗ്രഹം

farmers-strike റോഡിൽ പാലൊഴുക്കി പ്രതിഷേധിക്കുന്ന ജയ്പുരിലെ ക്ഷീരകർഷകർ. ചിത്രം: ട്വിറ്റർ

മുംബൈ ∙ തുടരുന്ന കർഷകസമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ കിസാൻ സഭ ഉൾപ്പെടെ 12 കർഷക സംഘടനകൾ ഇന്നലെയും പഞ്ചസാര, പരിപ്പ് എന്നിവ കർഷകരിൽ നിന്നു ശേഖരിച്ച് തഹസിൽദാറുടെ ഓഫിസിലും ജില്ലാ കലക്ടറേറ്റുകളിലും എത്തിച്ചു. ഇറക്കുമതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണിത്. നഗരമേഖലകളിലേക്കുള്ള പഴം, പച്ചക്കറി വരവു കുറഞ്ഞിരിക്കേ ചില്ലറവിപണിയിൽ ഉയർന്ന വില തുടരുന്നു. ഇതിനിടെ, മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഇന്നലെ കർഷകർ ജല സത്യഗ്രഹം നടത്തി. ഗോതാനിയ ഗ്രാമത്തിലെ കുളത്തിൽ നെഞ്ചൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

രാജ്യമെമ്പാടുമുള്ള വിവിധ കർഷക സംഘടനകൾ ജൂൺ ഒന്നു മുതൽ പ്രതിഷേധത്തിലാണ്. ഉൽപാദന ചെലവിന്റെ 50% വർധനയോടെ താങ്ങുവില നിർദേശിക്കുന്ന എം.എസ്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നതാണു പ്രധാന ആവശ്യം. വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. പാലും പച്ചക്കറികളും വിപണിയിൽ എത്തിക്കാതെ കർഷകർ പ്രതിഷേധിക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികളിലാണ് അധികൃതർ. സമരങ്ങളുടെ കേന്ദ്രസ്ഥാനമായ മധ്യപ്രദേശിലെ മൻസോറിൽ കൂടുതൽ പാലും പച്ചക്കറികളും എത്തിത്തുടങ്ങി.

കഴിഞ്ഞ വർഷം മൻസോറിൽ പ്രക്ഷോഭം നടത്തിയ കർഷകർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ആറുപേർക്കു സ്മരണാഞ്ജലി അർപ്പിക്കാൻ ഇന്നു മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും ബിജെപി എംപി ശത്രുഘ്നൻ സിൻഹയും വിശ്വഹിന്ദു പരിഷത് മുൻ നേതാവ് പ്രവീൺ തൊഗാഡിയയും എത്തുമെന്നു രാഷ്്രടീയ കിസാ‍ൻ മസ്ദൂർ മഹാസംഘ് പ്രസിഡന്റ് ശിവകുമാർ ശർമ പറഞ്ഞു.