Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിലെ കലഹം: രാഹുൽ ഇടപെട്ടേക്കും; വലവീശാൻ ബിജെപി

Rahul-Gandhi രാഹുൽ ഗാന്ധി

ബെംഗളൂരു∙ കർണാടകയിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരെ അനുനയിപ്പിക്കാൻ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടേക്കും. ജനതാദൾ (എസ്) – കോൺഗ്രസ് സഖ്യസർക്കാരിൽ കോൺഗ്രസിനു നീക്കിവച്ച 22 മന്ത്രിസ്ഥാനങ്ങളിൽ ആറെണ്ണമാണ് ഇനി നികത്താനുള്ളത്.

അസ്വാരസ്യങ്ങൾ പരമാവധി കുറച്ച് എത്രയുംവേഗം മന്ത്രിസഭാവികസനം പൂർത്തിയാക്കാനാണു നീക്കം. അതിനിടെ, അഖിലേന്ത്യാ വീരശൈവ മഹാസഭാ പ്രസിഡന്റ് കൂടിയായ ഷാമന്നൂർ ശിവശങ്കരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു വിവിധ ലിംഗായത്ത്-വീരശൈവ സംഘടനകൾ ഇന്നു പിസിസി ആസ്ഥാനത്തു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഇടപെട്ടാണു രാഹുൽ ഗാന്ധിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചത്. കോൺഗ്രസ് കേന്ദ്രനേതൃത്വം ഇടപെടണമെന്നു മുഖ്യമന്ത്രിയും ദൾ കർണാടക അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും ആവശ്യപ്പെട്ടു. എതിർപ്പുള്ളവരെ സംഘടിപ്പിക്കുന്ന ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ എംഎൽഎയുമായി കുമാരസ്വാമി ചർച്ച നടത്തി. ദൾ ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയും അനുനയശ്രമവുമായി രംഗത്തുണ്ട്. 

ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ വലവീശാൻ ബിജെപി സജീവമാണ് എന്നതും കോൺഗ്രസിനെയും ദളിനെയും സമ്മർദത്തിലാക്കുന്നുണ്ട്. ഒൻപതു വൊക്കലിഗരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചപ്പോൾ ലിംഗായത്തിൽ നിന്നു നാലുപേർക്കു മാത്രമേ അവസരം നൽകിയുള്ളൂ എന്നതിനു പ്രചാരണം നൽകുകയാണു സമുദായത്തിൽ ഏറെ സ്വാധീനമുള്ള ബിജെപി. 

മന്ത്രിമാരുടെ പ്രകടനം ആറുമാസത്തിലൊരിക്കൽ വിലയിരുത്തി പുനഃസംഘടന നടത്താൻ എഐസിസി നിർദേശിച്ചിട്ടുണ്ടെന്നു പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞതു മന്ത്രിസ്ഥാനമോഹികളെ അനുനയിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണ്. 

ജോർജിന് വ്യവസായം, ഖാദറിന് നഗരവികസനം 

കർണാടക ജനതാദൾ (എസ്)- കോൺഗ്രസ് സഖ്യസർക്കാരിൽ ചുമതലയേറ്റ 27 മന്ത്രിമാരുടെയും വകുപ്പുകൾ തീരുമാനിച്ചു. മുഖ്യമന്ത്രി കുമാരസ്വാമി: ധനം, ഊർജം, എക്സൈസ്, ഇന്റലിജൻസ്, അടിസ്ഥാന സൗകര്യ വികസനം, ടെക്സ്റ്റൈൽസ്. ഉപമുഖ്യമന്ത്രി ജി.പരമേശ്വര: ആഭ്യന്തരം, ബെംഗളൂരു വികസനം, യുവജനക്ഷേമം, സ്പോർട്സ്. കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി.രേവണ്ണയാണു പൊതുമരാമത്തു മന്ത്രി. മലയാളി വേരുകളുള്ള കെ.ജെ.ജോർജിനു വ്യവസായം, പഞ്ചസാര, ഐടിബിടി-ശാസ്ത്രസാങ്കേതികം എന്നിവയും യു.ടി.ഖാദറിനു നഗരവികസന, ഭവന വകുപ്പുകളും. വനിതാമന്ത്രി ജയമാലയ്ക്കു വനിതാ–ശിശുക്ഷേമം, കന്നഡ സാംസ്കാരിക വകുപ്പുകൾ. ഡി.കെ.ശിവകുമാറിനു ജലസേചനം, മെഡിക്കൽ വിദ്യാഭ്യാസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.