Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ ക്ഷേത്രങ്ങളുടെ നടത്തിപ്പു പഠിക്കാൻ സമിതിയെ വയ്ക്കണം: സുപ്രീം കോടതി

ന്യൂഡൽഹി∙ രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള ക്ഷേത്രങ്ങളുടെ ഭരണനിർവഹണത്തെക്കുറിച്ചു പഠനം നടത്താൻ സമിതിയെ നിയമിക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകി. പ്രമുഖ തീർഥാടന കേന്ദ്രങ്ങൾ നന്നായി ഭരിക്കപ്പെടണമെന്നും അവിടെ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചുള്ള ഹർജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി സീനിയർ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ നിയമിച്ചു. പുരി ക്ഷേത്രം സംബന്ധിച്ച് ഒഡീഷ സർക്കാർ നിയമിക്കുന്ന സമിതിയും രാജ്യത്തെ മറ്റു പ്രമുഖ ക്ഷേത്രങ്ങളെക്കുറിച്ചു കേന്ദ്ര സർക്കാർ നിയമിക്കുന്ന സമിതിയും ഈ 30നു മുൻപ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പ്രമുഖ ക്ഷേത്രങ്ങൾക്ക് ഉദാഹരണമായി അഞ്ചു ക്ഷേത്രങ്ങളെയാണു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജമ്മുവിലെ വൈഷ്ണവ ദേവി ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം, അമൃത്‌സർ സുവർണക്ഷേത്രം, തിരുപ്പതി ക്ഷേത്രം, കർണാടകയിലെ ധർമസ്ഥല എന്നിവ.

പുരി ക്ഷേത്രത്തെക്കുറിച്ചുള്ള പരാതികൾ ഇതുപോലെയുള്ള മറ്റ് ആരാധനാലയങ്ങൾക്കും ബാധകമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പുരി ക്ഷേത്രത്തിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മൃണാളിനി പാഥി സമർപ്പിച്ച ഹർജിയിൽ ക്ഷേത്രങ്ങൾ വലിയ തോതിൽ വ്യാപാരവൽക്കരിക്കപ്പെടുകയാണ് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഭക്തരെ പിഴിയുകയാണെന്നും ക്ഷേത്രദർശനത്തിനു പണം നൽകേണ്ടി വരികയാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം ക്ഷേത്രപരിസരവും വഴികളും മലീമസമായാണു കിടക്കുന്നത്. പ്രസാദം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും വൃത്തിയായിട്ടല്ലെന്നും ഹർജിയിൽ പറയുന്നു. ക്ഷേത്രങ്ങളിൽ വിശ്വാസികളും സന്ദർശകരും നൽകുന്ന സംഭാവനകൾ പൂജാരിമാരും ജീവനക്കാരും സേവകരും കൈക്കലാക്കുന്നതു പാടില്ലെന്നും കോടതി ഉത്തരവായി.

ഇതു ക്ഷേത്രത്തിന്റെ വരവിൽ കൃത്യമായി കണക്കാക്കുകയും ശരിയായ രീതിയിൽ വിനിയോഗിക്കുകയും വേണം. അതേസമയം ജീവനക്കാർക്കു ശമ്പളമോ പ്രതിഫലമോ കൃത്യമായി നൽകുകയും വേണം. പുരി ക്ഷേത്രത്തിലെ സ്വർണശേഖരമുള്ള അറയിലെ താക്കോലുകൾ കാണാനില്ല എന്ന പരാതി നിലനിൽക്കേയാണു സുപ്രീം കോടതിയിൽ പുതിയ ഹർജി വന്നിരിക്കുന്നത്. മൂന്നു വർഷത്തിലൊരിക്കൽ തുറക്കേണ്ട അറയാണിത്. സുപ്രീം കോടതിക്കു മുൻപാകെ പക്ഷേ, ഈ വിഷയം വന്നിട്ടില്ല. പുരി ക്ഷേത്രത്തിലെ പ്രശ്നങ്ങളിൽ 30നു മുൻപു റിപ്പോർട്ട് നൽകാൻ ജില്ലാ ജഡ്ജിയോടും കോടതി നിർദേശിച്ചു. സിസിടിവി ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ക്ഷേത്രത്തിനുള്ള സംഭാവനകൾ പൂജാരിമാരോ ജീവനക്കാരോ നേരിട്ടു വാങ്ങാൻ പാടില്ല. ക്ഷേത്രഭരണം സംബന്ധിച്ചു പഠനം നടത്താൻ സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ അംഗങ്ങളടങ്ങിയ സമിതിയെ നിയമിക്കുകയും വേണം.

ഭരണഘടനയുടെ 25–ാം അനുച്ഛേദ പ്രകാരമുള്ള മൗലികാവകാശവും 38, 49, 51 (എ), എഫ്, ജി എന്നിവ പ്രകാരമുള്ള മാർഗനിർദേശക തത്വങ്ങളും ഈ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ അടങ്ങിയിട്ടുണ്ടെന്നു കോടതി എടുത്തുകാട്ടി. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നവർക്ക് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല. അവർ നൽകുന്ന സംഭാവനകൾ ശരിയായ വിധം വിനിയോഗിക്കപ്പെടണം. ഒരു വിധത്തിലുമുള്ള ചൂഷണവും പാടില്ല. മറ്റു കോടതികളിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു നിലവിലിരിക്കുന്ന ഹർജികൾ തുടരാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി ജൂലൈ അഞ്ചിനു പരിഗണിക്കും.

related stories