Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുറംജോലിക്കരാർ’ മുൻപും; കൂട്ടനിയമനം ആദ്യം

government-of-india-logo

ന്യൂഡൽഹി∙ െഎഎഎസിനു പുറത്തുനിന്നു കേന്ദ്രസർക്കാരിലെ പ്രധാന പദവികളിലേക്കു മുൻപും നേരിട്ടു നിയമനം നടന്നിട്ടുണ്ടെങ്കിലും ഇത്രയധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിലാണ് ആക്ഷേപമുയരുന്നത്. സർക്കാർ സംവിധാനത്തിനു പുറത്തുനിന്നുള്ളവരെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കുന്നതു വ്യവസ്ഥാപിതമാക്കണമെന്നു 2005ൽ കോൺഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി അധ്യക്ഷനായ രണ്ടാം ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ‍, ഇത്തരം നിർദേശം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണു കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കിയത്.

സെക്രട്ടറിതലത്തിൽ ആദ്യത്തെ പ്രമുഖ നിയമനം കേരളത്തിൽനിന്നു കെ.പി.പി.നമ്പ്യാരുടേതായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ നമ്പ്യാരെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയപ്പോൾ നമ്പ്യാരെ ഇലക്ട്രോണിക്സ് സെക്രട്ടറിയായി നിയമിച്ചു. 1989 വരെ നമ്പ്യാർ ആ സ്ഥാനത്തു തുടർന്നു. 

പ്രമുഖ ശാസ്ത്രജ്ഞരെ ബന്ധപ്പെട്ട വകുപ്പുകളിൽ നിയമിക്കുന്ന പതിവ് മുൻപും ഉണ്ടായിരുന്നു. അതുപോലെ ലോകബാങ്ക്, രാജ്യാന്തര നാണയനിധി എന്നിവിടങ്ങളിൽനിന്നു സാമ്പത്തിക വിദഗ്ധരെ ധനകാര്യ മന്ത്രാലയത്തിൽ ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ട്. 1979ൽ മൊണ്ടേക് സിങ് അലുവാലിയയെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് അങ്ങനെയാണ്. പ്രണോയ് റോയി, ശങ്കർ ആചാര്യ, രഘുറാം രാജൻ, അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവരെല്ലാം സാമ്പത്തിക ഉപദേഷ്ടാക്കളായി വന്നവരാണ്. 

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയപ്പോൾ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച സാം പിത്രോദയ്ക്കു സെക്രട്ടറിക്കു തുല്യമായ പദവി നൽകിയിരുന്നു. 

നിലവിൽ 14 വകുപ്പു സെക്രട്ടറിമാർ എഎഎസിൽനിന്നല്ല. അവരിൽ ശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും നിയമജ്ഞരുമുണ്ട്. സെക്രട്ടറിമാരായ ശാസ്ത്രജ്ഞർ ഇവരാണ്: ഡോ. എം.വിജയരാഘവൻ (ബയോടെക്നോളജി), ഡോ. അശുതോഷ് ശർമ (ശാസ്ത്ര – സാങ്കേതികം), ഡോ. ഗിരീഷ് സാഹ്നി (ശാസ്ത്ര – സാങ്കേതിക ഗവേഷണം), ഡോ. കെ.ശിവൻ (ബഹിരാകാശം), ടി.സി.എ.അനന്ത് (സ്റ്റാറ്റിസ്റ്റിക്സ്), ഡോ. ശേഖർ ബസു (ആണവോർജം), ഡോ. ത്രിലോചൻ മഹാപത്ര (കൃഷി, ഫാം വെൽഫെയർ), രാജേഷ് കൊടേച്ച (ആയുഷ്), ഡോ. എസ്.ക്രിസ്റ്റഫർ (ഡിആർഡിഒ), ഡോ. എം.രാജീവൻ നായർ (ഭൗമശാസ്ത്രം), ഡോ. സൗമ്യ സ്വാമിനാഥൻ (ആരോഗ്യ ഗവേഷണം).

തപാൽ സർവീസിൽനിന്നാണു പോസ്റ്റ്സ് സെക്രട്ടറി അനന്ത് നാരായൺ നന്ദ എത്തിയത്. ലീഗൽ അഫയേഴ്സ് സെക്രട്ടറി സുരേഷ് ചന്ദ്രയും ലെജിസ്ലേറ്റീവ് സെക്രട്ടറി ജി.നാരായണ രാജുവും നിയമകാര്യ വകുപ്പിൽനിന്നും. 

∙ പി.എൽ.പുനിയ (കോൺഗ്രസ്): ആർഎസ്എസിനും ബിജെപിക്കും ഒപ്പമുള്ളവരെ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കാനും അതിലൂടെ നേരിട്ടു സർക്കാർ തീരുമാനങ്ങളെ സ്വാധീനിക്കാനുമുള്ള ശ്രമമാണ്.

∙ അമിതാഭ് കാന്ത് (സിഇഒ, നിതി ആയോഗ്):  പുറത്തുനിന്നുള്ളവരെ നിയമിക്കുന്നതിൽ നിതിയുടെ അനുഭവം വളരെ നല്ലതായിരുന്നു. ഈ തീരുമാനം നേരത്തേ വേണമായിരുന്നു. യുപിഎസ്‌സി പ്രവേശനക്കാർക്കു സ്പെഷലൈസ് ചെയ്യാൻ താൽപര്യമുണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ മേഖലയിൽ ഡപ്യുട്ടേഷനു പോകുന്നതും അനുവദിക്കണം.

related stories