Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സഖ്യങ്ങൾ പരിശോധിക്കാൻ കോൺഗ്രസിൽ ആന്റണി സമിതി

congress-party-logo

ന്യൂഡൽഹി∙ രാഷ്ട്രീയ സഖ്യങ്ങൾക്കായി സംസ്ഥാന നേതാക്കളുടെ താൽപര്യങ്ങൾ ബലികൊടുക്കില്ലെന്നു കോൺഗ്രസ്. എ.കെ.ആന്റണി അധ്യക്ഷനായ സമിതി പ്രാദേശിക നേതാക്കളുമായി ചർച്ച ചെയ്ത് ഓരോ സംസ്ഥാനത്തെയും സഖ്യങ്ങളെക്കുറിച്ചു തീരുമാനിക്കുമെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ഓരോ സംസ്ഥാനത്തും സാഹചര്യത്തിനനുസൃതമായ സമതുലനം നിലനിർത്തും. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷകക്ഷികൾ വിശാലസഖ്യത്തെക്കുറിച്ച് ചർച്ചകൾ നടത്തുമ്പോഴാണ് കോൺഗ്രസിന്റെ കരുതലോടെയുള്ള പ്രതികരണം.

കേരളത്തിൽ കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റും കർണാടകയിൽ സീറ്റുകുറവുള്ള ജനതാദൾ എസിനു മുഖ്യമന്ത്രി സ്ഥാനവും വിട്ടുകൊടുത്തതിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിന് ആലോചിക്കുന്നതായി വാർത്ത വന്നു. എന്നാൽ, പിസിസി അധ്യക്ഷൻ അജയ് മാക്കനടക്കമുള്ള ഡൽഹി നേതാക്കൾ ഇതു തള്ളിക്കളയുകയും ചെയ്തു.

ബംഗാളിലും സമാന സാഹചര്യമാണ്. മമത ബാനർജിക്കും തൃണമൂലിനുമെതിരെ സംസ്ഥാന കോൺഗ്രസ് കടുത്ത നിലപാടിലാണ്. ഇതേസമയം, 2019ലെ ബിജെപി വിരുദ്ധ സഖ്യത്തിലെ പ്രധാന ശക്തിയായി മമത വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ചിരകാല ശത്രുക്കളുമായി സഖ്യമുണ്ടാക്കുന്നതു പ്രാദേശിക തലത്തിൽ നേതാക്കളുടെ ആത്മവീര്യം കെടുത്തുന്നുവെന്നു കണ്ടതോടെയാണു നേതാക്കളുടെ താൽപര്യങ്ങൾ അവഗണിക്കില്ലെന്ന പ്രഖ്യാപനം. ആശയപരമായി യോജിക്കാൻ കഴിയുന്നവരുമായി സഖ്യത്തിലേർപ്പെടുക എന്ന നയമാണു കോൺഗ്രസിനുള്ളത്, എന്നാൽ സംസ്ഥാന നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം ഒരിക്കലും കാണാതിരിക്കില്ല – സുർജേവാല പറഞ്ഞു.