Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ സീറ്റ് പ്രശ്നം കെട്ടുറപ്പിനെ ബാധിക്കരുത്; കേരള നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം

udf-leaders-meet-rahul-gandhi

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ സ്വന്തം നിലയ്ക്കു പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡിന്റെ നിർദേശം. സീറ്റ് കൈവിടുന്നതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ തയാറാണെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടിയോ പുനഃപരിശോധനയോ വേണ്ടെന്നാണു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. 

കേരളത്തിൽ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച വിവരങ്ങൾ രാഹുൽ ഗാന്ധി സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് ആരാഞ്ഞു. ഫെയ്സ്ബുക്കിൽ വിവിധ നേതാക്കൾ നടത്തിയ പരാമർശങ്ങൾ പരിശോധിക്കാൻ പാർട്ടിയുടെ ഓൺലൈൻ മാധ്യമവിഭാഗം മേധാവി ദിവ്യ സ്പന്ദനയോടും ആവശ്യപ്പെട്ടു. കേരളത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിവരശേഖരണത്തിനായി സംസ്ഥാനത്തെ വിവിധ നേതാക്കളെ വാസ്നിക് ബന്ധപ്പെട്ടു. 

പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും പാർട്ടിയുടെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങരുതെന്നുമാണു സംസ്ഥാന നേതൃത്വത്തിനുള്ള ഹൈക്കമാൻഡിന്റെ നിർദേശം. പാർട്ടിയെ വിശ്വാസത്തിലെടുക്കാതെയാണ് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏകപക്ഷീയ തീരുമാനമെടുത്തതെന്ന പരാതി ഹൈക്കമാൻഡിനു ലഭിച്ചിട്ടുണ്ട്.

തോരാതെ കലാപമഴ; നനയാതിരിക്കാൻ ശ്രമം

ഇടഞ്ഞുനിൽക്കുന്ന പി.ജെ. കുര്യനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിൽ കണ്ടു, പക്ഷേ കുര്യൻ അയഞ്ഞിട്ടില്ല. രാജ്യസഭാ തീരുമാനം ഉമ്മൻ ചാണ്ടിയുടെ മാത്രമല്ലെന്നു ചെന്നിത്തല വിശദീകരിച്ചു. 

 രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ച ഉമ്മൻ ചാണ്ടിക്കെതിരെ പരാതി നൽകുമെന്നും കുര്യൻ. 

 ഇതോടെ തീരുമാനമെടുത്തത് തങ്ങൾ മൂന്നുപേരും ചേർന്നാണെന്നു വിശദീകരിച്ച് ഉമ്മൻ ചാണ്ടി, ചെന്നിത്തല, എം.എം. ഹസൻ എന്നിവരുടെ സംയുക്ത വാർത്തക്കുറിപ്പ്. 

 ജോസ് കെ. മാണിയുടെ നാമനിർദേശ പത്രികാ സമർപ്പണച്ചടങ്ങിനെത്തി പ്രശ്നം തീർക്കണമെന്നു കുര്യനോട് ചെന്നിത്തലയുടെ അഭ്യർഥന. 

 എന്തുകൊണ്ടു രാജ്യസഭാ സീറ്റ് മാണിക്കു കൊടുക്കേണ്ടിവന്നുവെന്നു വാർത്താ സമ്മേളനത്തിൽ എം.എം. ഹസന്റെ വിശദീകരണം. യുഡിഎഫിനെ ‘വിജയിക്കുന്ന സഖ്യം’ ആയി മാറ്റാനുള്ള വിട്ടുവീഴ്ച എന്നു വിശദീകരണം. 

 പിന്നാലെ അതെല്ലാം തള്ളി വി.എം. സുധീരന്റെ മറുപടി. സീറ്റ് മാണിക്കു കൊടുത്തത് അതാഗ്രഹിച്ച ചില കോൺഗ്രസ് നേതാക്കൾക്കു നിഷേധിക്കാനാണെന്ന് സുധീരൻ. 

 നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച് യുവ എംഎൽഎമാരായ വി.ടി. ബൽറാമും അനിൽ അക്കരയും. നിലവിൽ ലോക്സഭാംഗമായ ഒരാൾ രാജ്യസഭാ സീറ്റ് കൂടി കവർന്നതിൽ അനൗചിത്യമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ. 

 വിമത പരിവേഷത്തോടെ വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള അവസരങ്ങൾ ചിലർ ഉപയോഗിക്കുകയാണെന്ന് മറ്റൊരു യുവ എംഎൽഎ എൽദോസ് കുന്നപ്പള്ളിലിന്റെ ഒളിയമ്പ്. സ്ഥിരമായി ഇങ്ങനെ പ്രതിഷേധിക്കുന്നവരാരും പിണറായിക്കെതിരെ ഒന്നും പറഞ്ഞതായി അറിവില്ലെന്ന് എൽദോസിന്റെ പരിഹാസം.