Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഗിലിൽ വെടിയേറ്റു മരിച്ച ധീരസേനാനിയുടെ മകൻ സേനയിൽ; സല്യൂട്ട്, ഈ അച്ഛനും മകനും

Hitesh-Family ഡെറാഡൂണിൽ നടന്ന പാസിങ് ഔട്ട് പരേഡിനു ശേഷം ഹിതേഷ് കുമാർ അമ്മയ്ക്കും സഹോദരനുമൊപ്പം.

ന്യൂഡൽഹി∙ ബച്ചൻ സിങ്, അങ്ങയ്ക്കാണ് ഒരിക്കൽക്കൂടി ഈ രാജ്യത്തിന്റെ സല്യൂട്ട്. കാർഗിലിൽ വെടിയേറ്റു മരിച്ച ധീരസേനാനിയുടെ മകൻ അതേ സേനയുടെ ഭാഗമാകുമ്പോൾ രാജ്യം സല്യൂട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ? കാർഗിലിൽ വീരമൃത്യു വരിച്ച ബച്ചൻ സിങ്ങിന്റെ മകൻ ഹിതേഷ് കുമാർ കഴിഞ്ഞ ദിവസം ഇന്ത്യൻ സേനയുടെ ഭാഗമായി.

കാർഗിലിലെ ടോലോലിങ്ങിലെ സൈനിക നടപടിക്കിടെ 1999 ജൂൺ 12ന് ആയിരുന്നു ബച്ചന്റെ ജീവത്യാഗം. 17 സൈനികരാണ് അന്നത്തെ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞത്. രജ്പുത് റൈഫിൾസ് രണ്ടാം ബറ്റാലിയനിൽ ലാൻസ്‌നായിക്കായിരുന്നു ബച്ചൻ. അന്നു ഹിതേഷിന് ആറു വയസ്സ്.

അച്ഛന്റെ മരണവാർത്തയറിഞ്ഞ നാളിൽ മാത്രമല്ല, ശേഷം അച്ഛനെക്കുറിച്ചുള്ള വീരകഥകൾ കേട്ടുവളർന്നപ്പോഴും അവൻ പറഞ്ഞിരുന്നു: ഞാനുമൊരിക്കൽ രാജ്യത്തിനായി യൂണിഫോം ധരിക്കും. ഈ വാക്കുകൾ സത്യമായ പകലിൽ അതുകാണാൻ അവന്റെ അമ്മയും സഹോദരനും കൂട്ടുവന്നിരുന്നു. പ്രിയതമൻ രാജ്യത്തിന്റെ നൊമ്പരപ്പാടായി മറഞ്ഞിട്ടും രാജ്യത്തിനായി മകനും പോരാടണമെന്ന് ആഗ്രഹിച്ച ഒരമ്മയുടെ സ്വപ്നസാഫല്യമായിരുന്നു ആ നിമിഷം.

ഹിതേഷ് മാത്രമല്ല, സഹോദരൻ ഹേമന്തും സേനയിൽ ചേരാൻ ഒരുങ്ങുകയാണ്–അമ്മ കാമേഷ് ബാല പറയുന്നു. അദ്ദേഹം പ്രവർത്തിച്ച ബറ്റാലിയന്റെ ഭാഗമായതിനു പിന്നാലെ മുസാഫിർനഗറിൽ അച്ഛന്റെ സ്മാരകത്തിനു മുന്നിൽ പ്രാർഥനാമനസ്സുമായി ഹിതേഷ് എത്തി. അഭിമാനത്തോടെയും സത്യസന്ധതയോടെയും രാജ്യത്തെ സേവിക്കുമെന്നു മാത്രം പറഞ്ഞു.

അവന്റെ വാക്കുകളെ വിശ്വസിക്കാം. കാരണം മുന്നോട്ടുള്ള യാത്രയിൽ, നക്ഷത്രങ്ങൾക്കിടയിൽ ഒരാൾ കൂട്ടിനുണ്ട്, അവന്റെ അച്ഛൻ ബച്ചൻ സിങ്.