Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നത പദവിയിൽ സ്വകാര്യ നിയമനം: ഭിന്ന പ്രതികരണം

ന്യൂഡൽഹി∙ സ്വകാര്യ കമ്പനികളിലും മറ്റും പ്രവർത്തിക്കുന്നവരെ കേന്ദ്ര സർക്കാർ സർവീസിൽ ജോയിന്റ് സെക്രട്ടറിമാരായി നിയമിക്കാനുള്ള തീരുമാനത്തെ എതിർത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഇതിനിടെ, സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തുനിന്നുള്ള നിയമനം വേണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാൽ സിങ് ആവശ്യപ്പെട്ടു.

െഎഎഎസിലും െഎപിഎസിലും വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നും അതിന്റെ കുറവു നികത്താനുള്ള പരീക്ഷണമാണ് ജോയിന്റ് സെക്രട്ടറിമാരെ പുറത്തുനിന്ന് നിയമിക്കാനുള്ള തീരുമാനമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കോൺഗ്രസിന്റെ ഭരണകാലത്താണു സിവിൽ സർവീസ് നിയമനങ്ങൾ വെട്ടിക്കുറച്ചതെന്നും സർക്കാരിന് ഉദ്യോഗസ്ഥ ദൗർലഭ്യം നേരിട്ടെന്നും നിതീഷ് പറഞ്ഞു.

യുപിഎസ്‌സിയുടെ പരീക്ഷ പാസാകാത്തവരെ ജോയിന്റ് സെക്രട്ടറിമാരായി നിയമിക്കാനുള്ള തീരുമാനം മോദി സർക്കാരിന്റെ ഭരണപരാജയമാണു വ്യക്തമാക്കുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. സ്വകാര്യ മേഖലയിൽനിന്നുള്ളവരെ നിയമിക്കുന്നത് അപകടകരമായ രീതിയാണ്. കേന്ദ്ര സർ‍ക്കാരിന്റെ നയരൂപീകരണത്തെ സമ്പന്നർ സ്വാധീനിക്കുന്ന സ്ഥിതിയുണ്ടാവും. കേന്ദ്രത്തിലെ ജോയിന്റ് സെക്രട്ടറിയെന്നതു സംസ്ഥാനത്തെ സെക്രട്ടറിക്കു തുല്യമായ തസ്തികയാണ്. പരീക്ഷ പാസാകാത്തവരെ ആ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതു നിലവിലെ സംവിധാനത്തെ അപഹസിക്കുന്ന നടപടിയാണെന്നും മായാവതി പറഞ്ഞു.

ഭരണതലങ്ങളിൽ ‘സംഘികളെ’ നിയമിക്കാനുള്ള നീക്കമാണു മോദി സർക്കാർ നട‌ത്തുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ബിജെപി സർക്കാരിന്റെ കാലാവധി ഏതാനും മാസം ബാക്കിയുള്ളപ്പോൾ സംവരണത്തെയും യുപിഎസ്‌സിയെയും അട്ടിമറിക്കുകയാണെന്നും യച്ചൂരി പറഞ്ഞു.

related stories