Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദി ബ്രിട്ടനിൽ അഭയം തേടി; ബ്രിട്ടൻ കുറ്റവാളികളുടെ താവളമാകരുതെന്ന് ഇന്ത്യ

Nirav Modi

ന്യൂഡൽഹി∙ കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിൽ അഭയം തേടിയതായി റിപ്പോർട്ട്. ഇന്ത്യയിൽ ‘രാഷ്ട്രീയ പീഡനം’ നേരിടുന്നുവെന്നാരോപിച്ചാണ് അഭയം തേടിയത്. ഇയാൾ ലണ്ടനിലുണ്ടെന്ന് യുകെ അധികൃതരും സ്ഥിരീകരിച്ചു.

മറ്റു രാജ്യങ്ങളിലെ പിടികിട്ടാപ്പുള്ളികൾക്കുള്ള സുരക്ഷിത താവളമായി ബ്രിട്ടൻ മാറുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ഇന്ത്യ യുകെ സർക്കാരിനോട് അഭ്യർഥിച്ചു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജു ബ്രിട്ടിഷ് സഹമന്ത്രി ബാരനസ് വില്യംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ അതൃപ്തിയും ആശങ്കയും അറിയിച്ചത്.

ഇന്ത്യ കോടതികളെ ബഹുമാനിക്കുന്നു. നിയമനടപടികൾ പൂർത്തിയാക്കി കുറ്റവാളികളെ മടക്കിക്കൊണ്ടുവരും. ഇക്കാര്യത്തിൽ ബ്രിട്ടിഷ് സർക്കാരിന്റെ സഹകരണം വേണം – റിജ്ജു പറഞ്ഞു. വിജയ് മല്യ, നീരവ് മോദി എന്നിവരടക്കം ഇന്ത്യ തിരയുന്ന കുറ്റവാളികളെ കൈമാറുന്നതിന് എല്ലാ സഹായസഹകരണവും നൽകുമെന്നു ബ്രിട്ടിഷ് മന്ത്രി ബാരനസ് വില്യംസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പ്രതിനിധി സംഘം ഉറപ്പുനൽകി.

ഇന്ത്യയിലെ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കിരൺ റിജ്ജു ബ്രിട്ടിഷ് സംഘത്തെ അറിയിച്ചു. ഇന്ത്യയിലെ ജയിലുകൾ സുരക്ഷിതമല്ലെന്നാണു വിജയ് മല്യ ഇന്ത്യയിലേക്കു മടങ്ങാതിരിക്കാനുള്ള കാരണമായി ലണ്ടനിലെ കോടതിയെ അറിയിച്ചത്. 9000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ബ്രിട്ടനിലെ കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുകയാണ്.

13,000 കോടിയിലേറെ രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പാത്തട്ടിപ്പു കേസിൽ നീരവ് മോദിക്കും അമ്മാവനായ മെഹുൽ ചോക്‌സിക്കുമെതിരെ വിവിധ കേന്ദ്ര ഏജൻസികൾ കേസെടുത്തതിനു പിന്നാലെയാണ് ഇരുവരും വിദേശത്തേക്കു മുങ്ങിയത്. കഴിഞ്ഞ മേയിൽ മുംബൈ കോടതിയിൽ നീരവ് മോദിക്കെതിരെ സിബിഐ രണ്ടു കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.