Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽനിന്ന് ഇന്ത്യയ്ക്ക് 6 അപ്പാഷെ കോപ്റ്ററുകൾ; ഇടപാട് 6140 കോടി രൂപയുടേത്

AH-64 Apache

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ച നൽകാൻ യുഎസിൽനിന്ന് ആറ് അപ്പാഷെ (എഎച്ച് 64 ഇ) ഹെലിക്കോപ്റ്ററുകൾ ഇന്ത്യ വാങ്ങും. 93 കോടി ഡോളറിനു (6140 കോടി രൂപ) ഹെലിക്കോപ്റ്ററുകൾ ഇന്ത്യയ്ക്കു വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകി. യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിക്കുന്നമുറയ്ക്ക് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇന്ത്യയുടെയും യുഎസിന്റെയും വിദേശ, പ്രതിരോധ മന്ത്രിമാർ അടുത്ത മാസം കൂടിക്കാഴ്ച നടത്താനിരിക്കെ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിനു കോപ്റ്റർ ഇടപാടു ബലം പകരും. ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗത്തിനാണു ഹെലിക്കോപ്റ്ററുകൾ ലഭ്യമാക്കുക. ഹെലിക്കോപ്റ്ററിൽ സജ്ജമാക്കുന്ന ഫയർ കൺട്രോൾ റഡാർ, ലോങ്ബോ മിസൈൽ എന്നിവയും യുഎസിൽനിന്ന് ഇന്ത്യ വാങ്ങും.

അപ്പാഷെ ഹെലിക്കോപ്റ്റർ യുഎസ് സേന ഉപയോഗിക്കുന്ന ബോയിങ് നിർമിത അത്യാധുനിക ഹെലിക്കോപ്റ്റർ. ശത്രുമേഖലകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്താൻ കെൽപുള്ള ഇവയ്ക്ക് പീരങ്കികൾ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കാനാവും. ഒരേസമയം 12 ശത്രുസ്ഥാനങ്ങൾ നിരീക്ഷിക്കാനുള്ള റഡാർ സംവിധാനം ഇതിലുണ്ട്. ശത്രുസാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെൻസറുകൾ, വെടിയുണ്ടകൾ പ്രതിരോധിക്കുന്ന (ബുള്ളറ്റ് പ്രൂഫ്) കവചം എന്നിവയാണു മറ്റു സവിശേഷതകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.