Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ഇന്ത്യക്കാരുടെ വിവാഹച്ചട്ടങ്ങൾ കർശനമാക്കുന്നു; റജിസ്ട്രേഷൻ ഒരാഴ്ചയ്ക്കകം

638026548

ന്യൂഡൽഹി ∙ ഏഴു ദിവസത്തിനകം റജിസ്റ്റർ ചെയ്യുന്നതടക്കം പ്രവാസി ഇന്ത്യക്കാരുടെ വിവാഹക്കാര്യത്തിൽ കർശന ചട്ടങ്ങളുമായി നിയമഭേദഗതി വരുന്നു. വിവാഹവിവരം പാസ്പോർട്ടിൽ രേഖപ്പെടുത്താനും ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത സമിതി യോഗം നിർദേശിച്ചു. പ്രവാസികൾക്കിടയിലെ വിവാഹത്തട്ടിപ്പു തടയാൻ വനിത–ശിശുക്ഷേമ മന്ത്രാലയം തുടരുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.

വിവാഹവിവരം മറച്ചുവച്ചാൽ പാസ്പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള ഭേദഗതി പാസ്പോർട്ട് നിയമത്തിലും കൊണ്ടുവരും. ഇതിനായി ജനന–മരണ റജിസ്ട്രേഷൻ (1969) നിയമം, ക്രിമിനൽ നടപടി ചട്ടം, പാസ്പോർട്ട് ആക്ട് എന്നിവയിലടക്കം ഭേദഗതികൾ വേണ്ടിവരും. ഇതിനു കരടുരേഖ തയാറാക്കാനും തീരുമാനമായി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, നിയമമന്ത്രി രവിശങ്കർ പ്രസാദ്, വനിത–ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി എന്നിവരടങ്ങുന്ന സമിതിയാണു പ്രശ്നം ചർച്ച ചെയ്തത്. 

വിവാഹത്തട്ടിപ്പിൽ വർധന

പ്രവാസികൾക്കിടയിൽ വിവാഹത്തട്ടിപ്പിന്റെ എണ്ണത്തിൽ വ്യാപകവർധന ഉണ്ടായതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു വനിത–ശിശുക്ഷേമ മന്ത്രാലയം മുൻകയ്യെടുത്തു സമിതി രൂപീകരിച്ചത്. ഇന്ത്യയ്ക്കു പുറത്തുനിന്നു 2015നു ശേഷം 3500 പരാതികൾ ലഭിച്ചിട്ടുണ്ട്. വിവാഹത്തട്ടിപ്പു നടത്തുന്ന പ്രവാസികളുടെ സ്വത്തു കണ്ടുകെട്ടുന്ന നടപടിയിൽ പൊതുധാരണയിലെത്താൻ യോഗത്തിനു കഴിഞ്ഞില്ല. 

സ്വന്തം പേരിൽ സ്വത്തില്ലാത്തയാളാണു തട്ടിപ്പു നടത്തുന്നതെങ്കിൽ ഇയാൾക്കു ലഭിക്കേണ്ട കുടുംബഓഹരി കണ്ടുകെട്ടണമെന്നായിരുന്നു മേനകഗാന്ധിയുടെയും സുഷമ സ്വരാജിന്റെയും നിലപാട്. ഇതിനു നിയമസാധുത കിട്ടില്ലെന്നു നിയമമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം നിർദേശിക്കാൻ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൈപ്പറ്റിയില്ലെങ്കിലും  കുടുങ്ങും 

വിവാഹപരാതികളിൽ ഹാജരാകാൻ ആവശ്യപ്പെട്ടു സമൻസ് അയച്ചിട്ടും പ്രതികരിക്കാത്ത പ്രവാസിഇന്ത്യക്കാരുടെ കാര്യത്തിൽ തീരുമാനമായി. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയശേഷം ഇതു സ്വീകരിച്ചതായി പരിഗണിച്ചു തുടർനടപടി സ്വീകരിക്കാനാണു നിർദേശം. നിലവിൽ, സ്ത്രീ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എംബസിയെ ബന്ധപ്പെടുകയാണു പതിവ്. തെറ്റായ വിലാസം നൽകുന്നതു വഴിയോ സ്ഥലം മാറുന്നതു വഴിയോ ഇവരെ ബന്ധപ്പെടാൻ കഴിയില്ലെന്ന മറുപടിയാണു പതിവായി ലഭിക്കാറുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മാറ്റം.