ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചെന്നും ഇല്ലെന്നും

വിജയ് രൂപാണി

അഹമ്മദാബാദ് ∙ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചെന്നും ഇല്ലെന്നും. വിജയ് രൂപാണി മുഖ്യമന്ത്രി രാജിവച്ചെന്നു ‘പ്രഖ്യാപിച്ചതു’ പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേൽ. ഹാർദിക് കള്ളപ്രചാരണം നടത്തുകയാണെന്നാരോപിച്ച വിജയ് രൂപാണി രാജിവാർത്ത നിഷേധിച്ചു.

ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ വിജയ് രൂപാണി രാജി നൽകിയെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമായിരുന്നു രാജി എന്നും, രാജ്കോട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണു ഹാർദിക് പറഞ്ഞത്. 

10 ദിവസത്തിനുള്ളിൽ പുതിയ മുഖ്യമന്ത്രി ഭരണമേറ്റെടുക്കുമെന്നും അതു ഒരു പട്ടേൽ നേതാവോ രജ്‌പുത് നേതാവോ ആയിരിക്കുമെന്നും ‘വിശ്വസനീയമായ’ വിവരം ലഭിച്ചുവെന്നായിരുന്നു ഹാർദിക്കിന്റെ വെളിപ്പെടുത്തൽ. 

എന്നാൽ, രാജി സംബന്ധിച്ചു ഒരു ചർച്ചയും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും രൂപാണി വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവച്ചെന്നതു ഉപമുഖ്യമന്ത്രി നിധിൻ പട്ടേലും നിഷേധിച്ചു.