Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ സർക്കാരിന് പൊതുമിനിമം പരിപാടി

Congress leaders with H.D. Kumaraswamy

ബെംഗളൂരു∙ കർണാടകയിലെ ജനതാദൾ എസ്- കോൺഗ്രസ് സഖ്യസർക്കാരിന്റെ സുതാര്യ പ്രവർത്തനത്തിനായി ഇരു കക്ഷികളുടെയും പ്രകടനപത്രികകൾക്കു തുല്യ പ്രാധാന്യം നൽകി, പൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ പ്രത്യേക പാനൽ. കോൺഗ്രസിൽ നിന്ന് മൂന്നും ദളിൽ നിന്നു രണ്ടും അംഗങ്ങൾ ഉൾപ്പെട്ട പാനലിനെയാണ് ഏകോപന സമിതി യോഗം ഇതിനായി നിയോഗിച്ചത്. അംഗങ്ങളെ ഇന്നു പ്രഖ്യാപിക്കും. പൊതുമിനിമം പരിപാടിയുടെ കരട് 10 ദിവസത്തിനകം തയാറാക്കും. 

 കോർപറേഷനുകൾ, ബോർഡുകൾ തുടങ്ങിയവയുടെ മേധാവികളെ വൈകാതെ നിയമിക്കും. മൂന്നിൽ രണ്ട് പദവികളാണ് കോൺഗ്രസിന്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൂടിയാലോചിച്ച ശേഷം ഇത്തരം 30 പദവികളിൽ എംഎൽഎമാരെ നിയോഗിക്കുമെന്ന് ഏകോപന സമിതി ചെയർമാൻ സിദ്ധരാമയ്യ അറിയിച്ചു. 

 അതേ സമയം പതിനഞ്ചു ദിവസത്തെ സമയപരിധിക്കുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളൽ സാധ്യമല്ലെന്ന് ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു. 

 അതിനിടെ, രണ്ടാംഘട്ട മന്ത്രിസഭാ വികസനം ചർച്ച ചെയ്യാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി 18ന് കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയതായി സംസ്ഥാന നേതൃത്വം അറിയിച്ചു. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധമുള്ള എംഎൽഎമാർ ലിംഗായത്ത് നേതാവായ എം.ബി. പാട്ടീലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, എച്ച്.കെ. പാട്ടീൽ, തൻവീർ സേട്ട്, എച്ച്.എസ് ശിവള്ളി തുടങ്ങിയവരുമായി ചർച്ച നടത്തി.