Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പാക്ക് വെടിവയ്പ്പ്; ഇന്ത്യൻ ഭടനു വീരമൃത്യു

Indian Army

ജമ്മു∙ രജൗറി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം റോന്തു ചുറ്റുകയായിരുന്ന സൈനികർക്കു നേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിൽ മണിപ്പുർ സ്വദേശിയായ ബികാസ് ഗുരുങ് (21) വീരമൃത്യു വരിച്ചു. ഈദുൽ ഫിത്ർ ദിനത്തിൽ ഇന്ത്യൻ സൈന്യം പരമാവധി സംയമനം പുലർത്തിയിട്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തിയതിനെ കരസേനാ വൃത്തങ്ങൾ അപലപിച്ചു.

ഇരു സൈന്യവും പരമ്പരാഗതമായി ഈ ദിവസം നടത്തുന്ന മധുര പലഹാര കൈമാറ്റം ഇത്തവണ ഉണ്ടായില്ല. രാജ്യാന്തര അതിർത്തിയിൽ പാക്ക് വെടിവയ്പ്പിൽ അതിർത്തി രക്ഷാസേനയിലെ 11 പേരാണ് ഈ വർഷം ഇതുവരെ വീരമൃത്യു വരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതിനിടെ, കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ഔറംഗസേബ് എന്ന സൈനികനെ വധിക്കുന്നതിനു മിനിറ്റുകൾക്കു മുൻപ് എടുത്തതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു.

ഹിസ്ബുൽ മുജാഹിദീൻ ഭീകരരെന്നു കരുതുന്ന ചിലർ ഔറംഗസേബിനെ ചോദ്യം ചെയ്യുന്നതാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കലംപോറയിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഔറംഗസേബിന്റെ മൃതദേഹം പിറ്റേന്നു 10 കിലോമീറ്റർ അകലെ നിന്നാണ് വെടിയേറ്റ നിലയിൽ കണ്ടെടുത്തത്.