ബാങ്കുകൾക്ക് മല്യ 1.82 കോടി രൂപ കോടതിച്ചെലവു നൽകാൻ വിധി

ലണ്ടൻ ∙ ഇന്ത്യയിലെ ബാങ്കുകൾ വായ്പക്കുടിശിക ലഭിക്കുന്നതിനായി നടത്തിയ നിയമയുദ്ധത്തിന്റെ ചെലവുകൾക്കായി മദ്യവ്യവസായി വിജയ് മല്യ രണ്ടു ലക്ഷം പൗണ്ട് (1.82 കോടി രൂപ) നൽകണമെന്നു യുകെ ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ 13 ബാങ്കുകളിൽനിന്ന് 9000 കോടി രൂപ വായ്പയെടുത്ത്, തിരിച്ചടയ്ക്കാതെ ബ്രിട്ടനിൽ കഴിയുകയാണു മല്യ.

മല്യയുടെ സ്വത്തുക്കൾ ആഗോളതലത്തിൽ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച കോടതി, കുടിശിക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ ബാങ്കുകൾക്ക് ഇന്ത്യയിലെ കോടതി അനുമതി നൽകിയത് അംഗീകരിക്കുകയും ചെയ്തിരുന്നു.