മല്യയ്ക്കെതിരെ ഒരു കുറ്റപത്രം കൂടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി∙ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ രണ്ടാമത്തെ കുറ്റപത്രം താമസിയാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിക്കും. കള്ളപ്പണം വെളുപ്പിച്ചതിനും പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തെ 6027 കോടി രൂപ കബളിപ്പിച്ചതിനുമാണു കേസ്.

മല്യയുടെ കിങ്ഫിഷർ എയർലൈൻസ് ഐഡിബിഐ ബാങ്കിൽനിന്നു 900 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ കുറ്റപത്രം. പുതിയ കുറ്റപത്രം നൽകുന്നതോടൊപ്പം മല്യയുടെയും ഇയാൾ നടത്തിയ കമ്പനികളുടെയും 9000 കോടി രൂപ വിലവരുന്ന ആസ്തികൾ കണ്ടുകെട്ടാനും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും കോടതിയുടെ അനുമതി തേടും.

സാമ്പത്തിക കുറ്റം നടത്തിയശേഷം നാടുകടക്കുന്നവർക്കെതിരായ നടപടികൾക്കായി അടുത്ത നാളിൽ പുറപ്പെടുവിച്ച ഓർഡിനൻസ് പ്രകാരമായിരിക്കും ഈ നടപടി. ഓർഡിനൻസിനു മുൻപു നിലവിലിരുന്ന നിയമമനുസരിച്ച് വിചാരണ പൂർത്തിയായശേഷം മാത്രമേ ജപ്തി നടപടിയെടുക്കാനാവുമായിരുന്നുള്ളൂ. കടലാസ് കമ്പനികളിലൂടെയാണു മല്യ പണം കടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആദ്യ കേസിൽ ഇതുവരെ 9890 കോടിയുടെ ആസ്തികൾ ജപ്തി ചെയ്തുകഴിഞ്ഞു.