Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം എട്ടാം ദിവസം; കേജ്‌രിവാളിന് പിന്തുണയുമായി വൻ മാർച്ച്

Yachoori സമരത്തിൽ കൈകോർത്ത്: ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ വാഹനത്തിനു മുകളിലേക്കു കയറാൻ സഹായിക്കുന്ന എഎപി എംപി സഞ്ജയ് സിങ്. ചിത്രം: ജെ.സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ ലഫ്. ഗവർണറുടെ ഓഫിസിൽ സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും  മൂന്നു മന്ത്രിമാർക്കും പിന്തുണയുമായി ആം ആദ്മി പ്രവർത്തകർ നടത്തിയ മാർച്ചിൽ അണിനിരന്നതു പതിനായിരങ്ങൾ. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുത്തതു ശ്രദ്ധേയമായി. പ്രശ്നപരിഹാരത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്കു നടത്തിയ മാർച്ച് പാർലമെന്റ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു.

കേജ്‌‍രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവർ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു. നിരാഹാരം തുടരുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേജ്‍രിവാളിനെ കാണില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ലഫ്. ഗവർണർ അനിൽ ബൈജൽ.

രാഷ്ട്രീയലാഭത്തിനു വേണ്ടി എഎപി സർക്കാർ തങ്ങളെ ബലിയാടാക്കുകയാണെന്ന വിമർശനവുമായി  ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. ‘ഉദ്യോഗസ്ഥർ സമരത്തിലാണെന്ന പ്രചരണം തെറ്റാണ്. യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നു. എന്നിട്ടും മറ്റാർക്കോ വേണ്ടി ജോലി ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്നു. ‍ഞങ്ങൾ കടുത്ത നിരാശയിലാണ്’അസോസിയേഷൻ പ്രതിനിധി മനീഷാ സക്സേന മാധ്യമങ്ങളോടു പറഞ്ഞു. 

എഎപി സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

പ്രശ്നമുന്നയിച്ച് മുഖ്യമന്ത്രിമാർ; മിണ്ടാതെ പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിയോടു ഡൽഹി പ്രശ്നം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. നിതി ആയോഗ് ജനറൽ കൗൺസിലിനു മുൻപാണിവർ മോദിയെ കണ്ടത്.

‘പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോടും ഇക്കാര്യം സംസാരിച്ചു. പ്രധാനമന്ത്രി പ്രതികരിച്ചില്ല. എന്നാൽ ഇക്കാര്യം പരിശോധിക്കുമെന്നു രാജ്നാഥ് സിങ് അറിയിച്ചു. ‍ഞങ്ങൾ പറയേണ്ടതു പറഞ്ഞു. ഇനി  പരിഹാരം കാണേണ്ടത് അവരാണ്’, മമത ബാനർജി വ്യക്തമാക്കി.  മുഖ്യമന്ത്രിമാരുടെ സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു.