Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് മുത്തലിക്; പ്രകാശ് രാജ് കോണ്‍ഗ്രസ് ഏജന്റ് എന്നും ആരോപണം

Pramod Muthalik

ബെംഗളൂരു ∙ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്. 

‘‘കോൺഗ്രസ് ഭരിച്ചപ്പോൾ കർണാടകയിലും മഹാരാഷ്ട്രയിലും രണ്ടുവീതം കൊലപാതകങ്ങൾ നടന്നു. അന്ന് ആരും മിണ്ടിയില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നായിരുന്നു വിമർശനം. കർണാടകയിൽ ഒരു നായ കൊല്ലപ്പെട്ടാൽ മോദി എന്തിനു പ്രതികരിക്കണം? ’’, ബെംഗളൂരുവിലെ സ്വകാര്യ പരിപാടിയിൽ മുത്തലിക് ചോദിച്ചു. 

ഗൗരി ലങ്കേഷ് വധവുമായി ശ്രീരാമസേനയ്ക്കു ബന്ധമില്ല. സനാതൻ സൻസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമസേന എന്നിവയുടെയെല്ലാം പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ഒരു സംഘടനയുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. കർണാടക പൊലീസിനെ കോൺഗ്രസ് വഴി തെറ്റിക്കുകയാണ്. കോൺഗ്രസ് ഏജന്റ് ആയതിനാലാണു നടൻ പ്രകാശ് രാജ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതെന്നും ആരോപിച്ചു. 

ഗൗരിയെ കൊലപ്പെടുത്തിയെന്നു കുറ്റസമ്മതം നടത്തിയതായി പറയുന്ന പരശുറാം വാഗ്മർ തനിക്കൊപ്പം നിൽക്കുന്ന ഫോട്ടോ വിവാദമാക്കേണ്ടെന്നും പലരും ഒപ്പം നിന്നു ചിത്രമെടുക്കാറുണ്ടെന്നും മുത്തലിക് പറഞ്ഞു. വാഗ്മറുടെ കുടുംബത്തിനു വേണ്ടി ശ്രീരാമസേന ഫണ്ട് പിരിവ് ആരംഭിച്ചിട്ടുണ്ട്.