Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ഗവർണർ ഭരണത്തിന് അനുമതി തേടി, കേന്ദ്രം തീരുമാനിക്കേണ്ടത് മൂന്നു കാര്യങ്ങൾ

Mehbooba Mufti

ന്യൂഡൽഹി∙ ഗവർണർ ഭരണം ഉറപ്പായ ജമ്മു കശ്മീരിനെ സംബന്ധിച്ചു കേന്ദ്രസർക്കാരിനു സുപ്രധാനമായ മൂന്നു തീരുമാനങ്ങളെടുക്കാനുണ്ട്. ഒന്ന്: നിലവിലുള്ള ഗവർണർ എൻ.എൻ.വോറയ്ക്കു പകരം പുതിയ ഗവർണറെ നിശ്ചയിക്കുക, ഇതിന് ഓഗസ്റ്റ് അവസാനം വരെ സമയമുണ്ട്. രണ്ട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും നീട്ടിവയ്ക്കണമോ വേണ്ടയോ? മൂന്ന്: നിയമസഭയെ സസ്പെൻഡ് ചെയ്തു നിർത്തണോ പിരിച്ചുവിടണോ ?.

രാജ്യത്തെ മറ്റേതു സംസ്ഥാനത്തും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതു ഭരണഘടനയുടെ 356–ാം അനുച്ഛേദ പ്രകാരമാണ്. എന്നാൽ, ജമ്മു കശ്‌മീരിൽ സംസ്ഥാന ഭരണഘടനയുടെ വകുപ്പു 92 പ്രകാരം ആറുമാസത്തേക്കു ഗവർണർ ഭരണം ഏർപ്പെടുത്താം. ഇതിനു ഗവർണർ രാഷ്ട്രപതിയുടെ അനുമതി തേടണം. ആറുമാസത്തിനു ശേഷം വീണ്ടും ഇതേ സ്ഥിതി തുടർന്നാൽ ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും. ജമ്മു കശ്മീർ ഗവർണർ എൻ.എൻ.വോറ ഇന്നലെ വൈകിട്ടുതന്നെ ഗവർണർ ഭരണവിജ്ഞാപനത്തിനുള്ള അനുമതി തേടി രാഷ്ട്രപതി റാം നാഥ് കോവിന്ദിന് എഴുതിക്കഴിഞ്ഞു. രാഷ്ട്രപതി ഇപ്പോൾ വിദേശ പര്യടനത്തിലാണ്. 24 നാണു തിരിച്ചെത്തുക.

ആരാകും പുതിയ ഗവർണർ?

ഗവർണർ വോറയുടെ കാലാവധി ഈ മാസം അവസാനിക്കുന്നു. എന്നാൽ 28ന് ആരംഭിക്കുന്ന അമർനാഥ് യാത്ര തീരുന്നതുവരെ അദ്ദേഹത്തോടു തുടരാനാണു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ളത്. അമർനാഥ് യാത്രയുടെ അവസാന തീർഥാടകസംഘം ഓഗസ്റ്റ് 27 നാണു മടങ്ങുക. അതിനുശേഷം പുതിയ ഗവർണറെ നിയമിക്കുമെന്നാണു സൂചന. വോറയെ 2008 ലാണു ഗവർണറായി നിയമിച്ചത്. കാലാവധി 2013 ൽ തീർന്നുവെങ്കിലും മൻമോഹൻ സിങ് സർക്കാർ വീണ്ടും നിയമിക്കുകയായിരുന്നു. നരേന്ദ്രമോദി സർക്കാർ മറ്റു പല സംസ്ഥാനങ്ങളിലെയും ഗവർണർമാരെ മാറ്റിയെങ്കിലും വോറയെ തുടരാൻ അനുവദിച്ചു.

തിരഞ്ഞെടുപ്പ് എപ്പോൾ?

കശ്മീരിൽ അടുത്തെങ്ങും തിരഞ്ഞെടുപ്പു നടത്താവുന്ന സ്ഥിതിയല്ല. അതിർത്തിയിലെ പാക്ക് വെടിവയ്പും സംഘർഷാവസ്ഥയും തുടരുന്നതു മാത്രമല്ല സംസ്ഥാനത്തിനുള്ളിലും ഭീകരരുടെ പ്രവർത്തനം വ്യാപകമാണ്. വിഘടനവാദികളോടു മൃദു സമീപനമാണു പിഡിപിയുടേത്. അതേസമയം വിട്ടുവീഴ്ചയില്ലാത്ത, കർക്കശ നിലപാടുവേണം എന്നാണു ബിജെപിയുടെ ആവശ്യം. ഇപ്പോഴത്തെ നില തുടർന്നാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ദോഷകരമാകും. ഈ സാഹചര്യത്തിൽ ആറുമാസത്തിനു ശേഷം തിരഞ്ഞെടുപ്പു നടക്കാൻ സാധ്യത കുറവാണ്. അങ്ങനെയാണെങ്കിൽ നിയമസഭ പിരിച്ചുവിടാനാണു കേന്ദ്രസർക്കാർ തയാറാകുക. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമോ എന്നേ അറിയാനുള്ളൂ.

related stories