Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസിനുള്ളിൽ സമരത്തിന് ആര് അനുവാദം നൽകി: ഹൈക്കോടതി

Manish-Sisodia--Arvind-Kejriwal--Satyendra-Jain

ന്യൂഡൽഹി ∙ ലഫ്. ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിൽ സമരം തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും മന്ത്രിമാർക്കുമെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ആരാണു സമരം നടത്താൻ അനുമതി നൽകിയതെന്ന് ആരാഞ്ഞ കോടതി ആരുടെയും വീട്ടിലോ ഓഫിസിലോ സമരം നടത്താനാകില്ലെന്നു വ്യക്തമാക്കി. അതേസമയം, നിരാഹാര സമരം നടത്തിവന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദർ ജെയിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഒൻപതാം ദിവസത്തിലേക്കു കടക്കുന്ന സമരത്തിനു പിന്തുണയുമായി എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും ശിവസേനയും രംഗത്തെത്തിയതും ശ്രദ്ധേയമായി. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും മന്ത്രി ഗോപാൽ റായിയും സമരം തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെന്നു കുറ്റപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനിശ്ചിത്വത്തിന്റെ പേരിൽ ആം ആദ്മി പാർട്ടിയെയും വിമർശിച്ചു. കോൺഗ്രസിന്റെ നിശ്ശബ്ദതയ്ക്കെതിരെ വിമർശനം ശക്തമായതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം. ഹൈക്കോടതി വിമർശനത്തിനു പിന്നാലെ സമരം പുറത്തേക്കു മാറ്റുമെന്ന സൂചന എഎപി നേതൃത്വം നൽകിയെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെ തങ്ങളുടെ നിസ്സഹകരണ സമരത്തെക്കുറിച്ചു ചർച്ചചെയ്യാമെന്നു വ്യക്തമാക്കി ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ഉദ്യോഗസ്ഥർക്കു സുരക്ഷ ഉറപ്പുനൽകുമെന്നു കഴിഞ്ഞ ദിവസം കേജ്‍രിവാൾ പറഞ്ഞിരുന്നു. ഇതു സ്വാഗതം ചെയ്താണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം.