Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽ കോൺഗ്രസ് സഖ്യം ജനങ്ങളുമായി : ഉമ്മൻ ചാണ്ടി

Oommen Chandy

ന്യൂഡൽഹി∙ ആന്ധ്രപ്രദേശിൽ ആരുമായും സഖ്യത്തിനില്ലെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായിട്ടാണു കോൺഗ്രസിന്റെ സഖ്യമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തു പാർട്ടിയെ താഴേത്തട്ടു മുതൽ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള കർമ പദ്ധതി അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കൈമാറി.

യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറുന്ന ആദ്യ ദിനം ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നൽകുന്ന ഫയലിൽ ഒപ്പിടുമെന്നു രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കൾക്ക് ഉറപ്പു നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യ പ്രചാരണവിഷയമാകും ഇത്. സംസ്ഥാന നേതാക്കൾക്കൊപ്പം ഇന്നലെ രാഹുലുമായി മൂന്നു മണിക്കൂർ ചർച്ച നടത്തിയ ഉമ്മൻ ചാണ്ടി, നാലു മാസത്തിനകം പാർട്ടിയിൽ സമഗ്ര അഴിച്ചുപണി നടത്തുന്നതിനുള്ള രൂപരേഖ അവതരിപ്പിച്ചു.

പാർട്ടിയിൽ നിന്നു വിട്ടുപോയ കിരൺ കുമാർ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കളെ തിരികെയെത്തിക്കാൻ ശ്രമം നടത്തും. വിട്ടുപോയവർക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്നും അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആന്ധ്ര നേതാക്കളുമായി ഒറ്റയ്ക്കും പിന്നീട് ഒന്നിച്ചും ചർച്ച നടത്തിയ അദ്ദേഹം സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ രാഹുലിനെ ധരിപ്പിച്ചു. ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നിവയുമായി തിരഞ്ഞെടുപ്പിനു മുൻപ് സഖ്യത്തിലേർപ്പെടില്ല.

തിരഞ്ഞെടുപ്പിനു ശേഷമുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ല. നാലു മാസത്തിനകം പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ 13 ജില്ലകളിൽ പര്യടനം നടത്തുന്ന ഉമ്മൻ ചാണ്ടി ബൂത്ത് തലം മുതലുള്ള പുനഃസംഘടനയ്ക്കു നേതൃത്വം നൽകും. അടുത്ത മാസം ഒൻപതു മുതൽ ആരംഭിക്കുന്ന പര്യടനത്തിൽ, ദിവസേന ഓരോ ജില്ലയിലെ പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 43,000 ബൂത്ത് സമിതികളാണു സംസ്ഥാനത്തുള്ളത്.

related stories