Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം യോഗാ ചെയ്തു, ഇന്ത്യയ്ക്കൊപ്പം

INDIA-LIFESTYLE-HEALTH-YOGA

ഡെറാഡൂൺ∙ ആരോഗ്യജീവിതത്തിലേക്കു മനസ്സും ശരീരവും ഏകാഗ്രമാക്കി ലോകമെങ്ങും യോഗാ ദിനാചരണം. ഐക്യരാഷ്ട്രസഭ രാജ്യാന്തര യോഗാദിനമായി ആചരിച്ച ഇന്നലെ ദേശഭേദമില്ലാതെയാണു ലോകം ഒന്നുചേർന്നത്. 190 രാജ്യങ്ങൾ യോഗാദിനാചരണത്തിൽ പങ്കാളികളായെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

രോഗത്തിൽനിന്ന് ആരോഗ്യത്തിലേക്കും അനൈക്യത്തിൽനിന്ന് ഐക്യത്തിലേക്കും എത്താനുള്ള മാർഗമാണു യോഗാഭ്യാസമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡെറാഡൂൺ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ 50,000 പേർക്കൊപ്പം പ്രധാനമന്ത്രി യോഗാ ചെയ്തു. സുരിനാം സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ്, രാജ്യതലസ്ഥാനമായ പാരാമാരിബോയിൽ പ്രസിഡന്റ് ഡിസയർ ഡെലാനോ ബൗട്ടേഴ്സിനൊപ്പമാണു യോഗാ ചെയ്തത്.

സ്കൂൾ പാഠ്യപദ്ധതിയിൽ യോഗാ ഉൾപ്പെടുത്തുന്നത് ആരോഗ്യവും ആത്മവിശ്വാസവുമുള്ള തലമുറയെ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുംബൈയിൽ പറഞ്ഞു. യുദ്ധക്കപ്പലിലും അന്തർവാഹിനികളിലും ഉൾപ്പെടെ 15,000 നാവികസേനാംഗങ്ങൾ അണിനിരന്ന യോഗാ പരിശീലന പരിപാടി മുംബൈയിൽ നടന്നു. കേരളതീരം മുതൽ ഹിമാലയം വരെ വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗാ പരിശീലനത്തിൽ ലക്ഷക്കണക്കിനു ജനങ്ങളാണു പങ്കാളികളായത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക കേന്ദ്രമായ സിയാച്ചിനിൽ ഇന്ത്യൻ സൈനികർ യോഗാഭ്യാസം നടത്തി.

യോഗാദിനാചരണം മതത്തിന് അതീതമാകണമെന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്ഭവനിൽ ഗവർണർ പി.സദാശിവം നേതൃത്വംനൽകിയ പരിശീലനത്തിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരനും പങ്കുചേർന്നു. അന്തരീക്ഷ മലീനകരണത്തിനെതിരെ പ്രതിഷേധവുമായി ഡൽഹിയിൽ ചിലർ മുഖാവരണം അണിഞ്ഞാണു പങ്കെടുത്തത്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ യുട്യൂബ് ചാനൽ സാങ്കേതികത്തകരാർ മൂലം ബ്ലോക്ക് ആയതോടെ പ്രധാനമന്ത്രിയുടെ യോഗാദിനാചരണം തൽസമയം കാണാൻ കഴിഞ്ഞില്ല. എട്ടുമണിക്കു പ്രധാനമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണു തകരാർ പരിഹരിക്കാനായത്.

നിറവയറുമായി സാനിയ ഗർഭാവസ്ഥയിലും യോഗാ ചെയ്ത ടെന്നിസ് താരം സാനിയ മിർസയ്ക്കു കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രശംസ. ഒക്ടോബറിൽ ആദ്യകുഞ്ഞിനു ജന്മംനൽകാനിരിക്കേയാണു യോഗാ ചെയ്യുന്ന ചിത്രം സാനിയ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഗർഭിണികൾക്കൊപ്പമായിരുന്നു ന്യൂഡൽഹിയിൽ മേനക ഗാന്ധിയുടെ പരിശീലനം.

related stories