Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാല സഖ്യം ‘റിലീസ്’ ചെയ്യാൻ കമൽ - രാഹുൽ കൂടിക്കാഴ്ച

Kamal Haasan, Rahul Gandhi

ന്യൂഡൽഹി ∙ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ വിശാലസഖ്യമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായാണു സൂചന. പാർട്ടി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾക്കാണു കമൽഹാസൻ ഡൽഹിയിലെത്തിയത്. തമിഴ്നാട് രാഷ്ട്രീയവും രണ്ടു പാർട്ടികളെയും സംബന്ധിച്ച വിവിധ വിഷയങ്ങളും ചർച്ച ചെയ്തെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നെന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും കമൽഹാസൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

മക്കൾ നീതി മയ്യത്തിന് ഉടൻതന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിക്കുമെന്നു കമൽഹാസൻ വ്യക്തമാക്കി. പാർട്ടിയുടെ റജിസ്ട്രേഷന് ആവശ്യമായ എല്ലാ രേഖകളും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടി ചിഹ്നത്തെക്കുറിച്ചു ചർച്ചകളൊന്നും നടന്നില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നൂറു കോടി രൂപ ഒരു രാഷ്ട്രീയ പാർട്ടി തനിക്കു വാഗ്ദാനം ചെയ്തതായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പറഞ്ഞു. ‘അഴിമതിയാണു സംസ്ഥാനം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. അഴിമതി സംഭവങ്ങൾ വാർത്തയാകാറുണ്ടെങ്കിലും മറ്റു വാർത്തകൾ വരുമ്പോൾ ജനങ്ങൾ അതു മറക്കും. ഒരു രാഷ്ട്രീയ പാർട്ടി നൂറു കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാൽ, ഞാൻ അതു നിരസിച്ചു. പൊതുപ്രവർത്തനത്തിനുള്ള പണം പാർട്ടിയെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങളിൽ നിന്നു ശേഖരിക്കാനാണു മക്കൾ നീതി മയ്യത്തിന്റെ തീരുമാനം.’ കമൽഹാസൻ പറഞ്ഞു.