Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധുനോട്ട് വിവാദം: ഷായ്ക്കെതിരെ നടപടിയെടുക്കൂ, മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

Amit Shah

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന്റെ മറവിൽ കോടികളുടെ ക്രമക്കേട് നടത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു കോൺഗ്രസ്. നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകൾ എത്തിയത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാസഹകരണ ബാങ്കിലാണെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖ വച്ചാണു കോൺഗ്രസ് ബിജെപിക്കെതിരെ കടന്നാക്രമിച്ചത്.

നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളിൽ 745.58 കോടി രൂപയുടെ അസാധു നോട്ടുകളാണു ബാങ്കിലെത്തിയത്. ബിജെപി നേതാക്കൾ ഭാരവാഹികളായ രാജ്കോട്ട്, സൂറത്ത്, സബർകാന്ത് എന്നിവിടങ്ങളിലുൾപ്പെടെയുള്ള 11 ജില്ലാ സഹകരണ ബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകളെത്തി. നോട്ട് നിരോധനം ബിജെപിയെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. കള്ളപ്പണക്കാരെ സഹായിക്കാൻ ലക്ഷ്യമിട്ടു മോദി ആസൂത്രണം ചെയ്ത നാടകമാണു നോട്ട് നിരോധനം. നോട്ടുകൾ അസാധുവാക്കുന്ന വിവരം ഏതാനും ചിലർക്കു മുൻകൂട്ടി ലഭിച്ചു. ഇതുവഴി കോടികൾ വെളുപ്പിക്കാൻ സർക്കാർ കൂട്ടുനിന്നുവെന്നും സുർജേവാല ആരോപിച്ചു.

അഭിനന്ദനങ്ങൾ : രാഹുൽ

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലേക്ക് വൻ തുകയുടെ അസാധു നോട്ടുകൾ എത്തിയതു പരാമർശിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ അമിത് ഷായെ പരിഹസിച്ചു. ‘പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള മൽസരത്തിൽ ഒന്നാമതെത്തിയതിന് അഭിനന്ദനങ്ങൾ അമിത് ഷാ, ഡയറക്ടർ, അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. അഞ്ചു ദിവസത്തിനുള്ളിൽ 750 കോടി! നോട്ട് അസാധുവാക്കലിനെത്തുടർന്നു കോടിക്കണക്കിനാളുകളുടെ ജീവിതം തകർന്നു. താങ്കളുടെ ‘നേട്ട’ത്തിനു സല്യൂട്ട്’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ക്രമക്കേടില്ല: നബാർഡ്

അഹമ്മദാബാദ് സഹകരണ ബാങ്കിൽ അസാധു നോട്ടുകൾ വ്യാപകമായി മാറ്റിയെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു നബാർഡ് (നാഷനൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ്). നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷമുള്ള അഞ്ചു ദിവസങ്ങളിൽ രണ്ടര ലക്ഷത്തിൽ താഴെ മൂല്യമുള്ള നോട്ടുകളാണു ബാങ്കിലെത്തിയത്. ആകെയുള്ള 17 ലക്ഷം അക്കൗണ്ട് ഉടമകളിൽ 1.60 ലക്ഷം പേർ മാത്രമാണു അസാധു നോട്ടുമായി ബാങ്കിലെത്തിയത്. റിസർവ് ബാങ്കിന്റെ ചട്ടങ്ങളെല്ലാം പാലിച്ചാണു ബാങ്ക് അസാധു നോട്ടുകൾ സ്വീകരിച്ചത്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളിൽ ഗുജറാത്തിലേതിനേക്കാൾ കൂടുതൽ അസാധു നോട്ടുകളെത്തി – നബാർഡ് ചൂണ്ടിക്കാട്ടി.