മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ആസ്തി കണ്ടുകെട്ടാൻ നീക്കം

മുംബൈ ∙ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. വായ്പത്തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഓർഡിനൻസ് പ്രകാരമാണിത്.

ഓഹരികളും കെട്ടിടങ്ങളും ഉൾപ്പെടെ 12,500 കോടി രൂപയുടെ ആസ്തികൾ മല്യയ്ക്കു രാജ്യത്തുള്ളതായി ഇഡി കോടതിയെ അറിയിച്ചു. സാമ്പത്തിക കുറ്റവാളികൾ വിദേശത്ത് അഭയം തേടുന്നതു വർധിച്ചതോടെയാണു സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവന്നത്. ബ്രിട്ടനിൽ കഴിയുന്ന മല്യയെ വിട്ടുകിട്ടുന്നതിനായി അവിടത്തെ കോടതി മുഖേനയും ഇന്ത്യ ശ്രമിക്കുന്നുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദിയെയും മെഹുൽ ചോക്സിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ആസ്തികൾ കണ്ടുകെട്ടുന്നതിനും ഉടൻ നടപടിയുണ്ടാകും.

യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ്സിൽ ഇപ്പോഴും മല്യയ്ക്കു കാര്യമായ പങ്കാളിത്തമുണ്ട്. മല്യയുടെയും കൂട്ടാളികളുടെയും 8040 കോടിയുടെ ആസ്തികൾ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ടെങ്കിലും നിലവിലുള്ള നിയമം അനുസരിച്ചു കേസിലെ വിചാരണ നടപടികൾ പൂർത്തിയായാലേ ഇവ ഏറ്റെടുക്കാനാവൂ.