Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല തുരന്നു ഗ്രാമത്തിൽ വെള്ളമെത്തിച്ച ‘കനാൽ മനുഷ്യന്’ നാടിന്റെ ആദരം

Daitari Nayak ദത്താരി നായക്

ഭുവനേശ്വർ ∙ മൂന്നു കിലോമീറ്റർ നീളത്തിൽ മൂന്നുവർഷം കൊണ്ടു മല തുരന്നു ഗ്രാമത്തിൽ വെള്ളമെത്തിച്ച ദത്താരി നായക് എന്ന ആദിവാസി വയോധികനെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. ഒഡീഷയിലെ കിയോൻജർ ജില്ലയിലെ ഗൊനാസിക്ക മല കടന്നു തലബൈതരണി ഗ്രാമത്തിൽ ജലമെത്തുന്നതു സ്വപ്നം മാത്രമായിരുന്ന കാലത്താണ് ഇദ്ദേഹം മൺവെട്ടിയുമായി ഇറങ്ങിയത്.

ആദ്യം ജനം കളിയാക്കി. ഇടയ്ക്കു കഷ്ടം തോന്നി നാലു സഹോദരന്മാർ ഒപ്പം ചേർന്നു. 2013ൽ പരിശ്രമത്തിന്റെ മൂന്നാം വർഷം കനാൽ ഗ്രാമത്തിനടുത്തെത്തിയപ്പോഴാണു നാട്ടുകാർ അദ്ഭുതപ്പെട്ടത്. പിന്നീട് എല്ലാവരും ചേർന്നു ദൗത്യം പൂർത്തിയാക്കി. തുടർന്ന് അഞ്ചു വർഷത്തെ ജലസമൃദ്ധിയിൽ ഗ്രാമം മുഴുവൻ പച്ചപ്പായി.

കനാൽ കോൺക്രീറ്റ് ചെയ്യുമെന്നും സ്ഥിരമായ ചെക് ഡാം ഉണ്ടാക്കി സഹായിക്കുമെന്നും ജില്ലാ കലക്ടർ ആശിഷ് താക്കറെ പറഞ്ഞു. ഒരു മഴു മാത്രമുപയോഗിച്ച് 22 വർഷംകൊണ്ടു പർവതത്തിൽ റോഡ് നിർമിച്ച ‘മാഞ്ചി എന്ന ആളിന്റെ കഥ ‘മാഞ്ചി–ദ് മൗണ്ടൻമാൻ’ എന്ന സിനിമയായതിനു പിന്നാലെയാണു ‘കനാൽ മനുഷ്യ’ന്റെ പ്രയത്നം ശ്രദ്ധിക്കപ്പെടുന്നത്.