Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളീജിയം ശുപാർശ രണ്ടാമതും മടക്കി കേന്ദ്രസർക്കാർ

court-order-1

ന്യൂഡൽഹി∙ അലഹാബാദ് ഹൈക്കോടതിയിൽ രണ്ടു പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ രണ്ടാമതും മടക്കി. അലഹാബാദ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ മുഹമ്മദ് മൻസൂർ, ബഷറത്ത് അലിഖാൻ എന്നിവരുടെ നിയമന ശുപാർശയാണ് ഇവർക്കെതിരെ പരാതികളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി മടക്കിയത്.

സുപ്രീം കോടതി മുൻ‍ ജഡ്ജി അന്തരിച്ച സഗീർ അഹമ്മദിന്റെ മകനാണു മുഹമ്മദ് മൻസൂർ. യുപിഎ സർക്കാർ കശ്മീർ ഉൾപ്പെടെ സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിയമിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് സഗീർ അഹമ്മദ്. മുഹമ്മദ് മൻസൂർ, ബഷറത്ത് അലിഖാൻ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തി കൊളീജിയം നൽകിയ ആദ്യ ശുപാർശ രണ്ടരവർഷം പരിഗണനയിൽവച്ച ശേഷമാണ് ആദ്യം മടക്കിയത്.

ഇവർക്കെതിരായി പറയുന്ന പരാതികൾ അടിസ്ഥാനമില്ലാത്തതാണെന്നു കണ്ടെത്തിയ കൊളീജിയം, കഴിഞ്ഞമാസം ഇതേ പേരുകൾ വീണ്ടും ശുപാർശ ചെയ്തു. ഇതാണു മുൻപരാതികളുടെ കാര്യം വീണ്ടും ചൂണ്ടിക്കാട്ടി ഇപ്പോൾ മടക്കിയത്. ജസ്റ്റിസ് ജെ.ചെലമേശ്വർ വിരമിച്ചതിനെ തുടർന്നു പുനഃസംഘടിപ്പിക്കുന്ന അഞ്ചംഗ സുപ്രീ കോടതി കൊളീജിയമായിരിക്കും രണ്ടാമതും മടക്കിയ ശുപാർശയുടെ കാര്യത്തിൽ തുടർനടപടി കൈക്കൊള്ളുന്നത്. അതിനിടെ, ജമ്മു കശ്മീർ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു കൊളീജിയം ശുപാർശ ചെയ്ത നാലുപേരുകളിൽ ഒരെണ്ണം കേന്ദ്ര സർക്കാർ മടക്കി. നസീർ അഹമ്മദ് ബെയ്ഗിന്റെ പേരാണു കാരണം വ്യക്തമാക്കാതെ മടക്കിയത്. വസീം സാദിഖ് നർഗൽ, സിന്ധു ശർമ, റാഷിദ് അലി ധർ എന്നിവരുടെ പേരുകൾ സർക്കാരിന്റെ പരിഗണനയിലാണ്.

related stories