രാജ്യത്തൊരു ധനമന്ത്രിയുണ്ടോ: ജയ്റ്റ്ലിക്കെതിരെ പോർമുഖം തുറന്ന് കോൺഗ്രസ്

ന്യൂഡൽ‍ഹി∙ ഈ രാജ്യത്തൊരു ധനമന്ത്രിയുണ്ടോ? ബിജെപി നിരയിൽനിന്നു കടന്നാക്രമണം നടത്തുന്ന അരുൺ ജയ്റ്റ്ലിക്കെതിരെ പോർമുഖം തുറന്ന് കോൺഗ്രസ് രംഗത്തിറങ്ങി. ചികിൽസയുടെ ഭാഗമായി ധനമന്ത്രി പദവി തൽക്കാലത്തേക്ക് ഒഴിഞ്ഞ ജയ്റ്റ്ലി ഫെയ്സ്ബുക്കിലും ബ്ലോഗിലും കുറിപ്പുകളെഴുതി മന്ത്രാലയത്തെ നിയന്ത്രിക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് പ്രകാരം, പീയുഷ് ഗോയലാണു നിലവിലെ ധനമന്ത്രി. വകുപ്പില്ലാത്ത മന്ത്രിയാണു ജയ്റ്റ്ലിയെന്നും അതിൽ പറയുന്നു. എന്നാൽ, ധന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നതു ജയ്റ്റ്ലിയാണു മന്ത്രിയെന്ന്. ആരു പറയുന്നതു വിശ്വസിക്കണം– സുർജേവാല ചോദിച്ചു. രാജ്യത്തിനൊരു ധനമന്ത്രിയെ ആവശ്യമുണ്ട് എന്ന ബോർഡ് തൂക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും കോൺഗ്രസ് പരിഹസിച്ചു.

രാജ്യത്ത് സാമ്പത്തിക അരാജകത്വമാണ്. ബാങ്കുകൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ 90,000 കോടി രൂപയാണു ബാങ്കുകളുടെ നഷ്ടം. പൊതുഖജനാവ് കൊള്ളയടിക്കുക, രാജ്യം വിടുക എന്നതാണു മോദി സർക്കാരിന്റെ അടിസ്ഥാന പ്രമാണം. ഫരീദാബാദ് ആസ്ഥാനമായുള്ള എസ്ആർഎസ് കമ്പനിയിലെ മേധാവികൾ 13 ബാങ്കുകളിൽ നിന്നായി 7000 കോടി രൂപ വായ്പയെടുത്തശേഷം രാജ്യം വിട്ടു.

കമ്പനിയുടെ കീഴിൽ ആരംഭിച്ച വ്യാജ സ്ഥാപനങ്ങൾ വഴി അവിഹിത സാമ്പത്തിക ഇടപാടുകൾ നടന്നു. ഇവയ്ക്കെല്ലാം മോദി കുടപിടിക്കുകയാണ്– സുർജേവാല ആരോപിച്ചു. ജിഎസ്ടിക്കെതിരെ ചിദംബരം ജിഎസ്ടിയെ വാനോളം പുകഴ്ത്തുന്ന ബിജെപി അധികാരത്തിൽ വരുന്നതിനു മുൻപുള്ള അഞ്ചു വർഷം എന്തുകൊണ്ട് അതിനെ എതിർത്തുവെന്നു മുൻ ധനമന്ത്രി പി.ചിദംബരം. ജിഎസ്ടി സത്യസന്ധതയുടെ ആഘോഷമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.