Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോഗ്യത: അണ്ണാ ഡിഎംകെ എംഎൽമാരുടെ ഹർജി നാളെ

PTI1_12_2018_000153A

ന്യൂഡൽഹി∙ തമിഴ്നാട് നിയമസഭയിൽ സ്പീക്കർ അയോഗ്യരാക്കിയ 18 അണ്ണാ ഡിഎംകെ എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ടി.ടി.വി ദിനകരനോടു കൂറുപ്രഖ്യാപിച്ച 18 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം 14നാണ് മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് എം സുന്ദറും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത്. സ്പീക്കർ പി. ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോൾ, ജസ്റ്റിസ് സുന്ദർ വിധിച്ചത് സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്ക് കേസ് വിടാനും അതുവരെ തൽസ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

മൂന്നാം ജഡ്ജിയെ നിയമിക്കുമെന്നു വാട്സാപ് സന്ദേശത്തിൽ അറിഞ്ഞതല്ലാതെ വിവരം ഒന്നുമില്ലെന്ന് എംഎൽഎമാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. വാട്സാപ് സന്ദേശങ്ങൾ അനുസരിച്ചല്ല തങ്ങൾ നീങ്ങുന്നതെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് എസ്.കെ.കൗളും കേസ് ബുധനാഴ്ച കേൾക്കാൻ നിശ്ചയിച്ചു. മുഖ്യമന്ത്രി കെ.പളനിസ്വാമിയെ മാറ്റണം എന്നാവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഈ 18 എംഎൽഎമാരും ഗവർണറെ കണ്ടിരുന്നു. തുടർന്നാണു സ്പീക്കർ ഇവരെ അയോഗ്യരാക്കിയത്. .