Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ തൊഴിൽ പ്രശ്നം: കുവൈത്ത് സംഘമെത്തി

engineer

ന്യൂഡൽഹി ∙ കുവൈത്തിൽ, മലയാളികൾ ഉൾപ്പെടെയുള്ള വിദേശി എൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നുള്ള പഠനസംഘം ഇന്ത്യയിലെത്തി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കാനും പ്രശ്നപരിഹാരം സംബന്ധിച്ച ചർച്ചയുമാണു ലക്ഷ്യം.

കുവൈത്ത് മാൻ‌പവർ അതോറിറ്റിയുടെയും കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ആറംഗ സംഘം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ടു മാനവ വിഭവ വകുപ്പു സെക്രട്ടറിയുമായുള്ള ചർച്ചയിൽ തീരുമാനം അറിയിക്കാമെന്നു സംഘം അറിയിച്ചു. സംഘത്തിനു കേന്ദ്രമന്ത്രി അടക്കമുള്ളവർ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രീതിയും സംവിധാനങ്ങളും പരിചയപ്പെടുത്തി.

ഇന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനിലും (എഐസിടിഇ) നാളെ ഐഐടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തും. എൻ‌ജിനീയേഴ്സ് സൊസൈറ്റിയിലെ അലി അൽ മുഹ്സിനി, ഡോ. അൻവർ നകി, ഡോ. മമ്മദ് അലി അവാദി, മാൻപവർ അതോറ്റിയിലെ ജാബർ അലി മമ്മദ് അൽ അലി, നാസർ അൽ മൗസാവി, അമർ എന്നിവരാണു സംഘത്തിലുള്ളത്. വിദേശി എ‌ൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം നിർബന്ധമാക്കിയിരുന്നു.

ഇന്ത്യയിൽനിന്നുള്ള എൻ‌ജിനീയർമാർക്കു നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ ഉണ്ടെങ്കിലെ സമ്മതപത്രം നൽകു എന്നായതോടെ പ്രതിസന്ധി രൂപപ്പെട്ടു. ആയിരക്കണക്കിനു പേരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഇന്ത്യൻ സ്ഥാപനപതി അടക്കം ഇടപെട്ടതോടെയാണ് കുവൈത്ത് സംഘം ഇന്ത്യയിലെത്തിയത്. എൻബി‌എക്ക് പുറമെ ഇന്ത്യയിലെ എഐസിടി‌ഇ, യുജിസി, എൻ‌എ‌എസി എന്നിവയിൽ റജിസ്ട്രേഷൻ ഉള്ളവർക്കു സമ്മതപത്രം ലഭ്യമാക്കണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം.