Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; മുതിർന്ന നേതാക്കൾ ഇടഞ്ഞു

gujarat-congress

അഹമ്മദാബാദ് ∙ അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നുള്ള മുഴുവൻ സീറ്റുകളും തൂത്തുവാരാൻ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി തന്ത്രങ്ങൾ മെനയുമ്പോൾ ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലാ കോൺഗ്രസ് ഭാരവാഹികളെ നിയമിച്ചതിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാക്കൾ ഇടഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തിടെ സംസ്ഥാന ഘടകം അഴിച്ചുപണിതു കൂടുതൽ യുവാക്കളെ താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു. ഇതിനെതിരെയാണു മുതിർന്ന നേതാക്കളുടെ പടപ്പുറപ്പാട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ രാജ്കോട്ടിൽ മത്സരിച്ചു പരാജയപ്പെട്ട മുൻ എംഎൽഎ ഇന്ദ്രനീൽ രാജ്യഗുരു പാർട്ടി വിട്ടു. മറ്റൊരു നേതാവും ജാസ്ദൻ എംഎൽഎയുമായ കുൻവർസിങ് ബാവാലിയ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. രാജ്യഗുരുവിനൊപ്പം രാജ്കോട്ടിലെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി അടുത്തിടെ നിയമിതനായ അമിത് ഛാവഡ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലേക്കു കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി തടസ്സമുണ്ടാക്കി.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി അമിത് ഛാവഡ, പ്രതിപക്ഷ നേതാവായി പരേശ് ധനാണി എന്നീ യുവനേതാക്കൾ അടുത്തിടെയാണ് നിയമിതരായത്. എട്ടു ജില്ലകളിൽ അധ്യക്ഷന്മാരായി യുവനേതാക്കളെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നിശ്ചയിച്ചിരുന്നു. ഈ നിയമനം വന്നതിനു തൊട്ടുപിന്നാലെയാണു രാജ്യഗുരുവിന്റെ രാജി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും ധനികനായ സ്ഥാനാർഥിയായിരുന്നു ബിസിനസുകാരനായ രാജ്യഗുരു. സൗരാഷ്ട്രയിലെ നേതാക്കളായ ജാവീദ് പിർസാദയും വിക്രം മദാമും നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. തന്റെ എതിർപ്പ് പാർട്ടിയോടായിരുന്നില്ലെന്നും മറിച്ചു സംസ്ഥാന നേതൃത്വത്തോടാണെന്നായിരുന്നു രാജ്യഗുരുവിന്റെ പ്രതികരണം.

എന്നാൽ ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രബല കോലി സമുദായത്തിന്റെ നേതാവായ കുൻവർജി ബാവാലിയ മറ്റു വഴികൾ നോക്കണമെന്നാണു സമുദായത്തിന്റെ ആവശ്യം. എന്നാൽ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചന ഇതുവരെ ബാവാലിയ പരസ്യമാക്കിയിട്ടില്ല. അതിനു ബിജെപിയുടെ ഭാഗത്തുനിന്നു നീക്കമൊന്നുമുണ്ടായിട്ടില്ലെന്നു ബിജെപി സൗരാഷ്ട്ര – കച്ച് മേഖലാ വക്താവ് രാജ് ധ്രുവ് വ്യക്തമാക്കി.

ബിഹാറിൽ സ്വരം കടുപ്പിച്ച് ജെഡിയു; ഒറ്റയ്ക്കു മൽസരിക്കാനും മടിക്കില്ല

പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപിയെ കയ്യൊഴിഞ്ഞ് ഒറ്റയ്ക്കു മൽസരിക്കാൻ മടിക്കില്ലെന്നു സൂചിപ്പിച്ചു ജെഡിയു. സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റുകളിൽ എൻഡിഎ സഖ്യത്തിൽ തങ്ങൾ ഏറ്റവുമധികം സീറ്റുകളിൽ മൽസരിക്കുമെന്നും സഖ്യം ആവശ്യമില്ലെങ്കിൽ സ്വന്തം നിലയിൽ മൽസരിക്കാൻ ബിജെപിക്കു പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ജെഡിയു ജനറൽ സെക്രട്ടറി സഞ്ജയ് സിങ് വ്യക്തമാക്കി. കൂടുതൽ സീറ്റുകൾ തങ്ങൾക്കു വേണമെന്ന ജെഡിയു വാദത്തെ ബിജെപി എതിർക്കാൻ സാധ്യതയേറെ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സീറ്റ് ബിജെപി നേടിയപ്പോൾ ജെഡിയു രണ്ടെണ്ണത്തിലാണു വിജയിച്ചത്.