ആധാർ വെർച്വൽ ഐഡി നാളെ മുതൽ ഉപയോഗിക്കാം

ന്യൂഡൽഹി∙ ആധാർ നമ്പറിനു പകരം വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള സേവനങ്ങൾക്കായി ആധാർ വെർച്വൽ ഐഡി നാളെ മുതൽ ഉപയോഗിക്കാം. ആധാർ വിവരങ്ങൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് യുഐഡിഐ 16 അക്കങ്ങളുള്ള വെർച്വൽ ഐഡിക്കു രൂപം നൽകുന്നത്. ഇനി മുതൽ ബാങ്കുകളുൾപ്പെടെ സേവനങ്ങളിലും ആധാർ നമ്പറിനു പകരം ഇതുപയോഗിക്കാം. ആധാർ നമ്പർ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതു തടയാൻ ഇതുമൂലം സാധിക്കും.

യുഐഡിഎഐ വെബ്സൈറ്റ്, ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ, എംആധാർ ആപ്പ് എന്നിവയിലൂടെ ആധാർ നമ്പർ ഉപയോഗിച്ച് വെർച്വൽ ഐഡി സൃഷ്ടിക്കാം. വെർച്വൽ ഐഡി ലഭിക്കാൻ ആധാർ മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്തിരിക്കണം.