Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളവുപ്രതീക്ഷയോടെ ജിഎസ്ടി വാർഷികം; ആ‌ദ്യവർഷ വരുമാനം 13 ലക്ഷം കോടി

gst-image-5

ന്യൂഡൽഹി∙ ജിഎസ്ടി (ചരക്ക്, സേവന നികുതി) വരുമാനം ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അവശ്യവസ്തുക്കളുടെ നികുതി കുറച്ചേക്കും. നികുതി പരിഷ്കാരത്തിന്റെ ആദ്യ വാർഷികത്തിൽ, ജിഎസ്ടി കൂടുതൽ ലളിതമാക്കുമെന്നു ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ജിഎസ്ടിയുടെ മികച്ച വശം വരാനിരിക്കുന്നുവെന്നായിരുന്നു മന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പ്രതികരണം.

രണ്ടു ഘടകങ്ങളാണു നികുതി നിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷയുണർത്തുന്നത്: നികുതി വരുമാനം പ്രതിമാസം ഒരു ലക്ഷം കോടി രൂപയിലേക്കടുക്കുന്നു. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ നടപടികൾക്കു സർക്കാർ നിർബന്ധിതമാകുന്നു. പ്രതിമാസം ഒരുലക്ഷം കോടി രൂപ വീതം വർഷം 12 ലക്ഷം കോ‌ടി രൂപ നികുതിവരുമാനമാണു ജിഎസ്ടിയിലൂടെ സർക്കാർ പ്ര‌തീക്ഷിച്ചിരുന്നത്.

ആദ്യ മാസങ്ങളിൽ പ്ര‌തീക്ഷയ്ക്കൊത്തുയർ‌ന്നില്ലെങ്കിലും പിന്നീടു വരുമാനം ഗണ്യമായി വർ‌ധിപ്പിച്ചു. ഇ–വേ ബിൽ ഉൾപ്പെ‌ടുത്തി കണക്കെടുപ്പു പൂർത്തിയാകുമ്പോൾ ഒരു വർഷത്തെ വരുമാനം 13 ലക്ഷം കോടി രൂപയിലെത്തുമെന്നാണു വിലയിരുത്തൽ. പ്രതീക്ഷയ്ക്കുപരിയായ വരുമാനം ജനങ്ങളിലേക്കു കൈമാറുന്നതു സർക്കാരിനു സാമ്പത്തികബാധ്യതയുണ്ടാക്കില്ല.

നികുതിവരുമാനം വർധിച്ചാൽ ഇളവു പ്രതീക്ഷിക്കാമെന്നു പരിഷ്കാരം നടപ്പാക്കിയപ്പോൾ തന്നെ ‌ജയ്റ്റ്‌ലി വാഗ്ദാനം ചെയ്തിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായ ശേഷം പലപ്പോഴായി 320 ഇനങ്ങൾക്കു നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുയർന്ന സമ്മർദത്തെത്തുടർന്നായിരുന്നു മാറ്റങ്ങൾ. അവശ്യവസ്തുക്കളെ ആഡംബരവസ്തുക്കളുടെ അധികനികുതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതാണു പലപ്പോഴും വിമർശനത്തിനിടയാക്കിയത്.

പ്രതീക്ഷയോടെ നിർമാണമേഖല

സിമന്റ്, പെയിന്റ്, നിർമാണവസ്തുക്കൾ എന്നിവയ്ക്ക് ഇളവു പ്രതീക്ഷിക്കാം. നിർമാണമേഖല‌യിലെ മാന്ദ്യം നേരിടാൻ ഇതു സഹായിക്കും. വാഹനങ്ങൾ, ലഘുപാനീയങ്ങൾ എന്നിവയുടെ നികുതി ഏകീകരിക്കുകയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ‌ജിഎസ്ടിയുടെ ചുവടുറച്ച ശേഷം സ്‌ലാബുകൾ കുറയ്ക്കുമെന്ന സൂചന ജയ്റ്റ്‌ലി നേരത്തേ നൽകിയിരുന്നു. ഒറ്റ ജിഎസ്ടി നിരക്ക് നടപ്പാക്കിയില്ലെങ്കിലും വരുമാനം ക്രമവും സ്ഥിരവുമാകുന്ന സാഹചര്യത്തിൽ സ്‌ലാബുകൾ കുറഞ്ഞേക്കാം.