Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: നേട്ടങ്ങൾ ഘോഷിച്ച് സർക്കാർ; വിമർശനവുമായി പ്രതിപക്ഷം

jaitley-chidambaram

ജിഎസ്ടി: നേട്ടങ്ങൾ ഘോഷിച്ച് സർക്കാർ; വിമർശനവുമായി പ്രതിപക്ഷം മനോരമ ലേഖകൻ ന്യൂഡൽഹി ∙ ജിഎസ്ടി നികുതി പരിഷ്കാരത്തിന്റെ ഒന്നാം വാർഷികത്തിൽ സർക്കാർ കൂടുതൽ ഇളവുകളെക്കുറിച്ചു പ്രതീക്ഷ നൽകുമ്പോൾ പ്രതിപക്ഷമുയർത്തുന്നതു വിമർശനം. ഏറ്റവും മികച്ചതു വരാനിരിക്കുന്നുവെന്നായിരുന്നു മുൻ ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുടെ പ്രതികരണം. ഇതേസമയം, ഒറ്റ ജിഎസ്ടി നിരക്കു നടപ്പാക്കാനുള്ള സാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. മെഴ്സിഡീസ് വേറെ, പാൽ വേറെ: മോദി ഒറ്റനിരക്കുള്ള ജിഎസ്ടി നടപ്പാക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഴ്സിഡീസ് ആഡംബരക്കാറിനെയും പാലിനെയും ഒരേ തട്ടിൽ നിർത്താൻ കഴിയില്ല. ഒറ്റവർഷംകൊണ്ടു പരോക്ഷ നികുതിദായകരുടെ സംഖ്യ 70% വർധിച്ചു, ചെക് പോസ്റ്റുകൾ ഇല്ലാതായി, 17 നികുതികളും 23 സെസുകളും സംയോജിപ്പിക്കപ്പെട്ടു. ഏറ്റവും നല്ലതു വരാനിരിക്കുന്നു: ജയ്‌റ്റ്‌ലി സമൂഹത്തിന് ഏറ്റവും നല്ല കാര്യങ്ങൾ വരാനിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ കണ്ടതുപോലെയുള്ള കോലാഹലങ്ങളില്ലാതെയാണ് ഇന്ത്യയിൽ ജിഎസ്ടി നടപ്പാക്കിയത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിനു ദീർഘകാലാടിസ്ഥാനത്തിൽ ജിഎസ്ടിയുടെ പ്രയോജനം ലഭിക്കും. ബിസിനസ് സാഹചര്യം കൂടുതൽ അനുയോജ്യമാകും. നികുതിവെട്ടിപ്പും ഇല്ലാതാകും. സാധാരണക്കാരനു ഭാരം: ചിദംബരം സാധാരണക്കാരനുമേൽ ജിഎസ്ടി അമിതഭാരം അടിച്ചേൽപിക്കുന്നു. രൂപകൽപനയും അടിസ്ഥാന സൗകര്യങ്ങളും നിരക്കുകളും നിർവഹണവും പിഴച്ചു. കയറ്റുമതിക്കാർക്കും വ്യാപാരികൾക്കും സാധാരണക്കാർക്കുമിടയിൽ ജിഎസ്ടി എന്നതു ചീത്ത വാക്കായി. കാര്യക്ഷമതയേറി: സിഐഐ നികുതിമേഖലയുടെ കാര്യക്ഷമത വർധിച്ചതു ജിഎസ്ടിയുടെ മുഖ്യനേട്ടമെന്നു വ്യവസായ സമൂഹത്തിന്റെ പ്രതിനിധികളായ സിഐഐ വിലയിരുത്തി. ശരിയായ ദിശയിലുള്ള പരിഷ്കാരമാണിത്. തൊഴിൽ മേഖലയിലും സാധനങ്ങളുടെയും സേവനങ്ങളുടെയും ഡിമാൻഡിന്മേലും അനുകൂലമായ മാറ്റമാണു പരിഷ്കാരംമൂലം ഉണ്ടായതെന്നു സിഐഐ നടത്തിയ പഠനം പറയുന്നു. ഇൻസെറ്റ് ജയ്റ്റ്‌ലി; രണ്ടു മാസത്തിനിടെ ആദ്യം ജിഎസ്ടി വാർഷിക പരിപാടിയിൽ മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രസംഗിച്ചതു വിഡിയോ കോൺഫറൻസിങ് വഴി. രണ്ടു മാസത്തിനിടെ പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ ആദ്യപ്രസംഗമായിരുന്നു ഇത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ജയ്റ്റ്‌ലിയെ പൊതുപരിപാടികളിൽ നേരിട്ടു പങ്കെടുക്കാൻ ഡോക്ടർമാർ അനുവദിച്ചിട്ടില്ല. എയർ ഇന്ത്യ ഓഹരിവിൽപനയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയുടെ സിറ്റിങ്ങിലും അദ്ദേഹം വിഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്തിരുന്നു. രോഗബാധിതനാകുംമുൻപ്, മേയ് മൂന്നിന് അദ്ദേഹം അവസാനമായി പങ്കെടുത്തതു ജിഎസ്ടി കൗൺസിൽ യോഗത്തിലാണ്. ജയ്‌റ്റ്‌ലിയുടെ സ്ഥാനത്തു പീയൂഷ് ഗോയലിനാണു ധനമന്ത്രാലയത്തിന്റെ ചുമതല. പൂർണ ആരോഗ്യവാനായി തിരിച്ചെത്തുംവരെ ജയ്റ്റ്‌ലി വകുപ്പില്ലാമന്ത്രിയായി തുടരും.