Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യാധുനിക തോക്കുകൾ വാങ്ങാൻ സേനാ സംഘം വിദേശത്തേക്ക്

Indian army

ന്യൂഡൽഹി∙ കരസേനയ്ക്ക് അത്യാധുനിക തോക്കുകളും (അസോൾട്ട് റൈഫിൾ) ചെറുകിട യന്ത്രത്തോക്കുകളും (കാർബൈൻ) വാങ്ങുന്നതിന് ഉന്നതതല സേനാ സംഘം യുഎസ് ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലേക്കു പുറപ്പെട്ടു. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം യുഎസ്സിനു പുറമെ ഇസ്രയേൽ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, യുഎഇ എന്നിവിടങ്ങളും സന്ദർശിക്കും. പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്ന സേനാംഗങ്ങൾക്കായി 72,000 അസോൾട്ട് റൈഫിളും 93,895 കാർബൈനുകളുമാണു വാങ്ങുക.

ഇതിനായി 3547 കോടി രൂപയുടെ പദ്ധതിക്ക് ജനുവരിയിൽ പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാട്ടിയിരുന്നു. പരിശോധനയ്ക്കു ശേഷം ഉന്നതതല സമിതി അംഗീകരിക്കുന്ന ആയുധങ്ങൾ നിർമാതാക്കൾ ഇന്ത്യയിലെത്തിക്കും. സേനയുടെ ആവശ്യങ്ങൾക്കനുസരിച്ച്, ഇന്ത്യൻ സാഹചര്യങ്ങളിൽ അവ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കും. തുടർന്ന് കരാർ നടപടിയിലേക്കു കടക്കും. ഒരു വർഷത്തിനകം ആയുധങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം.

ഇൻസാസിന്റെ പകരക്കാരൻ

നിലവിൽ ഉപയോഗിക്കുന്ന കാലപ്പഴക്കമുള്ള ഇന്ത്യൻ നിർമിത ഇൻസാസ് തോക്കുകൾ ഒഴിവാക്കുന്നതിന്റെ ആദ്യ പടിയായാണു വിദേശ നിർമിത അസോൾട്ട് റൈഫിളുകൾ ഇറക്കുമതി ചെയ്യുന്നത്. 8.16 ലക്ഷം അസോൾട്ട് റൈഫിളുകളാണ് സേനയുടെ ആകെ ആവശ്യം. ആകെ വേണ്ട കാർബൈനുകൾ 4.58 ലക്ഷം.