Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈലാസയാത്ര: പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുന്നു

Kailash Mansarovar pilgrimage - evacuation

ന്യൂഡൽഹി∙ ഹിൽസയിലും സിമിക്കോട്ടിലും രക്ഷാപ്രവർത്തനം തുടരുമ്പോഴും കൈലാസ യാത്രയ്ക്കിടെ കുടുങ്ങിയവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ വൈകുന്നതിൽ ആശങ്ക. മലമുകളിലെ മർദം പ്രായമായവർക്കു പ്രശ്നമായേക്കുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. പ്രതികൂല കാലാവസ്ഥമൂലം അധികൃതരും നിസ്സഹായരാണ്. ഇന്നലെ 275 പേരെ ഹിൽസയിൽനിന്നു സിമിക്കോട്ടിലെത്തിച്ചു.

നേപ്പാൾഗഞ്ചിൽ മഴ തുടരുന്നതിനാൽ സിമിക്കോട്ടിൽനിന്നു സൂർകേതിലേക്കായിരുന്നു ഇന്നലെയും വിമാന സർവീസ്. തുടർന്നു ബസിൽ നേപ്പാൾഗഞ്ചിലെത്തിച്ചു. പലയിടങ്ങളിലായി എഴുന്നൂറോളം പേർ ഇപ്പോഴുമുണ്ടെന്നാണ് ഇന്ത്യൻ എംബസി നൽകുന്ന വിവരം. ഇതുവരെ 675 തീർഥാടകരെയാണു ഹിൽസയിൽനിന്നു രക്ഷപ്പെടുത്തിയത്.

താമസവും ഭക്ഷണവും ലഭ്യമാവുന്ന സിമിക്കോട്ടിലാണ് ഇവരെ ഹെലിക്കോപ്ടറിൽ എത്തിക്കുന്നത്. എന്നാൽ, ഇവിടെ കൂടുതൽ സമയം തങ്ങുന്നതു പ്രായമായവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

നേപ്പാളിൽ കുടുങ്ങിയ മലയാളികളെ ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

കോഴിക്കോട്∙ ഹിൽസയിലും സിമിക്കോട്ടിലുമായി കുടുങ്ങിയ മലയാളികളെ ഇന്ന് ഇന്ത്യയിലേക്കെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കോഴിക്കോട്ടെ വിവേകാനന്ദ ട്രാവൽസിന്റെ നേതൃത്വത്തിൽ പോയ 38 പേരാണ് ഇപ്പോഴും നേപ്പാളിൽ തുടരുന്നത്.

തിങ്കളാഴ്ച സിമിക്കോട്ടിൽ ശ്വാസതടസ്സത്തെത്തുടർന്നു മരിച്ച മലപ്പുറം വണ്ടൂർ സ്വദേശി ലീല അന്തർജനത്തിന്റെ മൃതദേഹം രാത്രി ഒൻപതരയോടെ നെടുമ്പാശേരിയിലെത്തിച്ചു.