മല്യയുടെ ലണ്ടനിലെ ആസ്തികളിൽ നിന്ന് കടം ഈടാക്കാൻ ഹൈക്കോടതി അനുമതി

ലണ്ടൻ∙ ഒൻപതിനായിരം കോടി രൂപ കടമെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ബ്രിട്ടനിലെ ആസ്തികളിൽ നിന്ന് അത് ഈടാക്കാനുള്ള ഇന്ത്യൻ ബാങ്കുകളുടെ ശ്രമത്തിന് അനുകൂലമായി യുകെ ഹൈക്കോടതി വിധി. ലണ്ടനു സമീപം ഹെർട്ഫോഡ്ഷെറിൽ മല്യയ്ക്കുള്ള വസ്തുവകകളിൽ പ്രവേശിച്ചു കണക്കെടുപ്പു നടത്താൻ എൻഫോഴ്സ്മെന്റ് ഓഫിസർക്കു കോടതി അനുമതി നൽകി.

മല്യ ഇപ്പോൾ കഴിയുന്ന വെൽ‍വിൻ ടെവിനിലെ ബ്രംബിൾ ലോഡ്ജിലും ലേഡിവാക്കിലും ഓഫിസർക്കും കൂട്ടാളികൾക്കും പ്രവേശിക്കാം. വസ്തുവകകൾ ഏറ്റെടുത്തു ബാങ്കുകളുടെ കടം ഈടാക്കാനുള്ള നടപടിയുടെ സാധ്യത ആരായാം – ഹൈക്കോടതിയുടെ ക്യൂൻസ് ബെഞ്ച് ഡിവിഷനിലെ ജസ്റ്റിസ് ബൈറന്റെ ഉത്തരവിൽ പറയുന്നു.

ആവശ്യമെങ്കിൽ മിതമായ ബലം പ്രയോഗിച്ചും ഇവിടെ പ്രവേശിക്കാവുന്നതാണ്.

മല്യയുടെ ലോകമെങ്ങുമുള്ള ആസ്തികൾ മരവിപ്പിക്കാനുള്ള ഇന്ത്യയിലെ കടം തിരിച്ചടവ് ട്രൈബ്യൂണലിന്റെ (ഡിആർടി) ഉത്തരവു തള്ളാൻ യുകെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തനിക്കു 13,900 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അവ വിറ്റ് ഇന്ത്യയിലെ ബാങ്കുകളുടെ കടം തിരിച്ചടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു മല്യ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

അതിനനുവദിച്ചില്ലെങ്കിൽ താൻ ‘രാഷ്ട്രീയ താൽപര്യങ്ങളുടെ’ ഇരയാണെന്നു കരുതാമെന്നും മല്യ വാദിച്ചിരുന്നു. മല്യയെ വിട്ടുകിട്ടാനായി ഇന്ത്യയിലെ അന്വേഷണ ഏജൻസികളായ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ കേസിൽ അന്തിമവാദം 31ന് ആരംഭിക്കും.