Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യ കേസ് വൈകിപ്പിക്കാൻ ശ്രമമെന്ന് യുപി സർക്കാർ

Print

ന്യൂഡൽഹി∙ ‘മോസ്ക്’ (മുസ്‌ലിം പള്ളി) എന്നത് ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് 1994ൽ എം. ഇസ്മായിൽ ഫറൂഖി കേസിൽ നടത്തിയ പരാമർശം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചില മുസ്‌ലിം സംഘടനകൾ അയോധ്യ കേസ് വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു. 1994ലെ പരമാർശം പുനഃപരിശോധനയ്ക്കായി വലിയ ബെഞ്ചിനു വിടണമോയെന്ന് പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

എന്തൊക്കെയാണ് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്നതടക്കം കാര്യങ്ങളിൽ മുസ്‌ലിം സംഘടനകളുടെ മറുപടി 13നു പരിഗണിക്കും. ബാബ്റി മസ്ജിദ് – രാമക്ഷേത്രഭൂമി തർക്ക കേസിനെ ബാധിക്കുന്നതായതിനാൽ പള്ളി സംബന്ധിച്ച 1994ലെ പരാമർശം അഞ്ചംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്.

എന്നാൽ, ഭൂമി തർക്കം ഏകദേശം ഒരു നൂറ്റാണ്ടായി തീർപ്പുകൽപിക്കപ്പെടാത്ത സ്ഥിതിയിലാണെന്നും മോസ്ക് വിശ്വാസത്തിന്റെ ഘടകമോ എന്നത് 1994ലും 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലും എതിർകക്ഷികൾ ഉന്നയിച്ചിട്ടില്ലെന്നും യുപിക്കുേവണ്ടി കേന്ദ്ര സർക്കാരിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണു പള്ളി എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന് ആദ്യ ഹർജിക്കാരിലൊരാളായ ഇസ്മായിൽ‍ ഫറൂഖിയുടെ പിന്തുടർച്ചക്കാർക്കുവേണ്ടി ഹാജരായ രാജീവ് ധവാൻ വാദിച്ചു.

അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചത്. ഇതിനെതിരെ എല്ലാ വിഭാഗക്കാരും നൽകിയ ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്.

related stories