Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപടിക്രമം പാലിക്കാതെ കുഞ്ഞുങ്ങളുടെ കൈമാറ്റം; ജാർഖണ്ഡിൽ കന്യാസ്ത്രീ അറസ്റ്റിൽ

x-default

റാഞ്ചി∙ നടപടിക്രമങ്ങൾ പാലിക്കാതെ കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്ത കേസിൽ ജാർഖണ്ഡിൽ കന്യാസ്ത്രീ അറസ്റ്റിൽ. റാഞ്ചി ശിശുക്ഷേമ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മിഷനറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റർ കൊൻസിലിയയാണ് അറസ്റ്റിലായത്. ഇതേകേസിൽ ജീവനക്കാരി അനിമ ഇൻഡ്വർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

റാഞ്ചി ജയിൽ റോഡിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി മഠത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന അവിവാഹിതരായ അമ്മമാരുടെ അഭയകേന്ദ്രത്തിൽനിന്നു വ്യവസ്ഥകൾ പാലിക്കാതെ കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്തുവെന്നാണു കേസ്. അഭയകേന്ദ്രത്തിന്റെ ചുമതല സിസ്റ്റർ കൊൻസിലിയയ്ക്കായിരുന്നു. നാലു കുഞ്ഞുങ്ങളുടെ കൈമാറ്റത്തിൽ അറിവുണ്ടായിരുന്നതായി സിസ്റ്റർ സമ്മതിച്ചതായും മറ്റൊരു സിസ്റ്ററെക്കൂടി ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതായും റാഞ്ചി പൊലീസ് അറിയിച്ചു.

ഒരു മാസം മുൻപ് യുപിയിലെ ദമ്പതികൾക്ക് ഒന്നരമാസം പ്രായമായ ആൺകുഞ്ഞിനെ നൽകിയിരുന്നു. പിന്നീട് ചില നടപടിക്രമങ്ങൾ പാലിക്കാനുണ്ടെന്നു പറഞ്ഞു ദമ്പതികളിൽനിന്നു കുഞ്ഞിനെ തിരിച്ചുവാങ്ങിയതായി പരാതി ലഭിച്ചതോടെ ശിശുക്ഷേമ സമിതി അംഗങ്ങൾ കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അഭയകേന്ദ്രം അടപ്പിച്ചു. അവിടെയുണ്ടായിരുന്ന 16 പേരെ മാറ്റിപ്പാർപ്പിച്ചു.

സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച് കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി പത്രക്കുറിപ്പിറക്കി. സംഭവിക്കാൻ പാടില്ലാത്തതാണു റാഞ്ചിയിൽ നടന്നതെന്നും വീഴ്ചകൾ പരിഹരിക്കാൻ കർശന നടപടികൾ കൈക്കൊള്ളുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. വിദേശത്തുള്ള സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ ഫോണിൽ വിവരം ആരാഞ്ഞതായി മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിതാ കുമാർ കൊൽക്കത്തയിൽ വ്യക്തമാക്കി.