Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരൺകുമാർ റെഡ്ഡി കോൺഗ്രസിലേക്ക് മടങ്ങുന്നു: പാർട്ടിയെ ശക്തിപ്പെടുത്താൻ ജില്ലാ പര്യടനവുമായി ഉമ്മൻ ചാണ്ടി

oommen-chandy-andhra ആന്ധ്രപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ചപ്പോൾ

ന്യൂഡൽഹി ∙ ആന്ധ്രയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി പാർട്ടിയിലേക്കു തിരിച്ചുവരുന്നതിനു വഴിയൊരുക്കി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം, റെഡ്ഡിയുമായി അനൗദ്യോഗിക ചർച്ച നടത്തി. ഇതു സംബന്ധിച്ചു ഹൈക്കമാൻഡുമായുള്ള നിർണായക ചർച്ചകൾക്കായി ഉമ്മൻ ചാണ്ടി 13നു ഡൽഹിയിലെത്തും.

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ തിരികെയെത്തിക്കേണ്ട നേതാക്കളുടെ പട്ടിക ഉമ്മൻ ചാണ്ടി കൈമാറിയിരുന്നു. പട്ടികയിൽ ഒന്നാമനായിരുന്നു റെഡ്ഡി. ഇതിനിടെ, പാർട്ടിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ആന്ധ്രയിൽ ജില്ലാ പര്യടനത്തിന് ഉമ്മൻ ചാണ്ടി തുടക്കമിട്ടു. വിശാഖപട്ടണത്തു രണ്ടും മറ്റു ജില്ലകളിൽ ഓരോ ദിവസവും എന്ന രീതിയിലാണു പര്യടനം നിശ്ചയിച്ചിരിക്കുന്നത്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളാണ് അദ്ദേഹം ആന്ധ്രയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.

ആദ്യദിനമായ ഇന്നലെ കൃഷ്ണ ജില്ല സന്ദർശിച്ച അദ്ദേഹം ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി വിട്ടുപോയ നേതാക്കളെയും പ്രവർത്തകരെയും തിരികെയെത്തിക്കാനുള്ള ചർച്ചകൾ വരുംദിവസങ്ങളിൽ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് ഹൈക്കമാൻഡിനു കൈമാറും.