Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ റിപ്പോർട്ട് ആയുധമാക്കാൻ പാക്ക് ശ്രമം; യുഎൻ മനുഷ്യാവകാശ സമിതി പോലും തള്ളിക്കളഞ്ഞതെന്ന് ഇന്ത്യ

India- Pakistan

ന്യൂയോർക്ക്∙ കശ്മീരിൽ മനുഷ്യാവകാശ ലംഘനം ആരോപിക്കുന്ന യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ റിപ്പോർട്ട് രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാക്ക് ശ്രമത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ദുരുപദിഷ്ടവും മുൻവിധിയോടു കൂടിയതുമായ റിപ്പോർട്ട് മനുഷ്യാവകാശ സമിതിയിലെ അംഗങ്ങൾ പോലും പരിഗണിച്ചിട്ടില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു.

ഇതു മൂന്നാംതവണയാണു യുഎൻ വേദികളിൽ റിപ്പോർട്ട് ആയുധമാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നത്. കുട്ടികളും സായുധ കലാപങ്ങളും എന്ന വിഷയം ചർച്ച ചെയ്ത രക്ഷാസമിതി യോഗത്തിലാണു യുഎന്നിലെ പാക്ക് സ്ഥിരം പ്രതിനിധി മലീഹ ലോധി റിപ്പോർട്ട് പരാമർശിച്ചത്.

വിഷയത്തിനു പുറത്തുള്ള കാര്യങ്ങൾ ഉന്നയിക്കുക വഴി യുഎൻ ചർച്ചകൾ ദുരുപയോഗം ചെയ്യാനാണു പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യയുടെ പ്രതിനിധി തൻമയ ലാൽ ആരോപിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ അടിസ്ഥാനമാക്കി ഒരു ഉദ്യോഗസ്ഥൻ മുൻവിധിയോടെ തയാറാക്കിയതാണിത്. ഇതിനായി അദ്ദേഹത്തെ ആരും നിയോഗിച്ചിരുന്നില്ല.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ഭീകര സംഘടനകളെ ഉപയോഗിക്കുന്ന പാക്കിസ്ഥാൻ യാഥാർഥ്യം മറച്ചുവയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്. ഈ ശ്രമം മുൻപു വിജയിച്ചിട്ടില്ല, ഇനി വിജയിക്കുകയുമില്ല – അദ്ദേഹം പറഞ്ഞു.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സമഗ്രവും സ്വതന്ത്രവുമായ രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് കഴിഞ്ഞ മാസം 14നാണ് ഹൈക്കമ്മിഷണർ പുറത്തുവിട്ടത്. അന്നുതന്നെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.