Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഹാർ: അമിത് ഷാ നാളെ എത്തും; നിതീഷുമായി സീറ്റു ചർച്ച

amit-shah-nitish-kumar

പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജനതാദളിനു (യു) വിട്ടു കൊടുക്കാവുന്ന സീറ്റുകൾ സംബന്ധിച്ചു ബിജെപി അധ്യക്ഷൻ അമിത് ഷാ ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുമായും ലോക്സഭാ മണ്ഡല പ്രഭാരിമാരുമായും നാളെ ചർച്ച നടത്തും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ‘വിസ്താരക’രും യോഗത്തിൽ പങ്കെടുക്കും.

ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറുമായും ഷാ നാളെ കൂടിക്കാഴ്ച നടത്തും. സഖ്യകക്ഷിയായ ജനതാദൾ (യു)വിനെ അവഗണിക്കുന്ന സമീപനമുണ്ടാകില്ലെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശം കഴിഞ്ഞ ദിവസം നിതീഷ്കുമാറുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രി ജെ.പി.നഡ്ഢ കൈമാറിയിരുന്നു. സീറ്റുവിഭജന കാര്യത്തിൽ അടിയന്തര പ്രഖ്യാപനമുണ്ടാകണമെന്ന നിതീഷിന്റെ കടുംപിടിത്തത്തിൽ ഇതേതുടർന്ന് അയവു വന്നിട്ടുണ്ട്.

സീറ്റു വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ വൈകാതെ ആരംഭിക്കാമെന്നാണു ബിജപിയുടെ ഉറപ്പ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജനതാദളും (യു) സഖ്യമില്ലാതെ മൽസരിച്ച പശ്ചാത്തലത്തിലാണ് അടുത്ത തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനം കീറാമുട്ടിയാകുന്നത്. ബിഹാറിലെ നാൽപതു സീറ്റിൽ മുപ്പതിലും മൽസരിച്ച ബിജെപി 22 സീറ്റു നേടിയിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റുകളും ശക്തികേന്ദ്രങ്ങളും പരമാവധി നിലനിർത്തിയുള്ള സീറ്റു വിഭജനത്തിനാണ് അമിത് ഷായുടെ ശ്രമം.

ജാതി സമവാക്യങ്ങൾ നിർണായകമായ ബിഹാറിൽ ജനതാദൾ (യു) കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ചു നേടിയ 14% വോട്ടുകൾ എൻഡിഎയിൽ എത്തിച്ചാൽ ആർജെഡി സഖ്യത്തിന്റെ യാദവ– മുസ്‌ലിം വോട്ടു ബാങ്കിനെ പരാജയപ്പെടുത്താമെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സീറ്റു വിഭജനത്തിന്റെ കാര്യത്തിൽ ജെഡിയുവിനോടു ഉദാര സമീപനം പുലർത്തണമെന്ന വാദത്തിനാണു ബിജെപി സംസ്ഥാന ഘടകത്തിൽ മുൻതൂക്കം.

ബിജെപിയുടെ ഐടി സെൽ, സമൂഹമാധ്യമ സെൽ അംഗങ്ങൾക്കു വേണ്ടിയുള്ള ശിൽപശാലയിലും അമിത് ഷാ പ്രസംഗിക്കും.