Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹേതര ലൈംഗികബന്ധം കുറ്റമല്ലാതാക്കരുത്: കേന്ദ്രം

sex

ന്യൂഡൽഹി ∙ വിവാഹേതര ബന്ധം കുറ്റമല്ലാതാക്കുന്നത് വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുമെന്നു സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഇത്തരം കേസുകളിൽ പുരുഷനെ മാത്രമല്ല, സ്ത്രീയെയും കുറ്റക്കാരിയായി കാണണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള കോഴിക്കോട് സ്വദേശി ജോസഫ് ഷൈനിന്റെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ച കേസാണിത്. 

ലിംഗസമത്വം പാലിക്കാത്ത വകുപ്പുകൾ: ഹർജിക്കാരൻ

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന വകുപ്പുകൾ പുരുഷനെ കുറ്റവാളിയായും സ്ത്രീയെ ഇരയായും കരുതുന്നതും സ്ത്രീയുടെ സ്വതന്ത്ര സ്വത്വം അംഗീകരിക്കാത്തതുമാണ്. അതിനാൽ, ഭരണഘടനുടെ 14, 15, 21 വകുപ്പുകളുടെ ലംഘനമാണെന്നു ഹർജിക്കാരൻ വാദിക്കുന്നു. നേരത്തേ, ഇടക്കാല ഉത്തരവിൽ കോടതി ഈ വാദത്തോട് യോജിച്ചിരുന്നു. ക്രിമിനൽ നിയമങ്ങൾ ലിംഗപരമായി നിഷ്പക്ഷ സ്വഭാവമുള്ളവയാണെന്നും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്ന വകുപ്പുകളിൽ ആ നിഷ്പക്ഷതയില്ലെന്നുമാണു വിലയിരുത്തിയത്. 497–ാം വകുപ്പനുസരിച്ച് മറ്റൊരാളുടെ ഭാര്യയുമായി, ഭർത്താവിന്റെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം അ‍ഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭർത്താവിന് അല്ലെങ്കിൽ ഭർത്താവ് ആരുടെ സംരക്ഷണയിൽ ഭാര്യയെ ഏൽപിച്ചിരിക്കുന്നുവോ, ആ വ്യക്തിക്കാണു പരാതിപ്പെടാൻ അവകാശമെന്നാണ് 198(2) പറയുന്നത്. പരാതിപ്പെടാൻ സ്ത്രീക്ക് അവകാശമില്ലെന്നത്, സ്ത്രീയെ പുരുഷന്റെ സ്വത്തായി കണക്കാക്കലാണെന്നും ഹർജിക്കാരന് വാദമുണ്ട്. 

പരിഷ്കരിക്കാം;‌ റദ്ദാക്കരുത്: കേന്ദ്രം

ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന വകുപ്പുകളെ ലിംഗപരമായി നിഷ്പക്ഷമാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ വകുപ്പുകൾ ഒഴിവാക്കി, വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വിവാഹമെന്ന സ്ഥാപനത്തെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് 497–ാം വകുപ്പെന്നും കേന്ദ്രത്തിനു വാദമുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷഘടനയും സംസ്കാരവും കണക്കിലെടുത്താണ് 497, 198(2) വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു വകുപ്പുകളും ലിംഗപരമായി നിഷ്പക്ഷമാക്കണമെന്നു ക്രിമിനൽ നിയമസംവിധാനം പരിഷ്കരിക്കാനുള്ള ശുപാർശകളിൽ മളീമഠ് സമിതി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം നിയമ കമ്മിഷൻ പഠിക്കുകയാണെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടിയുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. 

ഭരണഘടനാ ബെഞ്ചിന്റെ ഘടന

നിലവിൽ സ്വവർഗാനുരാഗം, ശബരിമലയിലെ സ്ത്രീ പ്രവേശനം, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങൾ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കായാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, 497–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് യൂസുഫ് അബ്ദുൽ അസീസും സ്റ്റേറ്റ് ഓഫ് ബോംബെയും തമ്മിലുള്ള കേസിൽ 1954 മാർച്ച് 10നു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണു വിധിച്ചത്. അതുകൊണ്ടുതന്നെ വിവാഹേതര ബന്ധം സംബന്ധിച്ച ഹർജി ഏഴംഗ ബെഞ്ച് പരിഗണിക്കേണ്ടി വരുമെന്നാണ് സൂചന.

related stories