Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നാവ് പീഡനം: ബിജെപി എംഎൽഎയ്ക്ക് കുറ്റപത്രം

Kuldeep Singh Sengar കുൽദീപ് സിങ് സെൻഗർ

ലക്നൗ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി വീട്ടിലെത്തിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽനിന്നു സംരക്ഷണം നൽകുന്ന പോക്സോ ആക്ടിന്റെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണു കുറ്റപത്രം. കൂട്ടുപ്രതി ശശി സിങ്ങിനും കുറ്റപത്രം നൽകി. എംഎൽഎയുടെ വസതിയിൽ 2017 ജൂൺ നാലിന് സെൻഗർ പീഡിപ്പിച്ചെന്നാണ് ഇപ്പോൾ 18 വയസ്സുള്ള പെൺകുട്ടിയുടെ മൊഴി. പിന്നീടു ജൂൺ 11നു മൂന്നുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി ജൂൺ 19 വരെ വാഹനത്തിനുള്ളിൽ പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകി.

സംഭവത്തെക്കുറിച്ചു പരാതി നൽകാനെത്തിയ പെൺകുട്ടിയുടെ പിതാവിനെ പൊലീസിന്റെ സാന്നിധ്യത്തിൽ എംഎൽഎയുടെ സഹോദരൻ ഉൾപ്പെടെയുള്ള ഗുണ്ടാസംഘം തല്ലിച്ചതയ്ക്കുന്ന വിഡിയോ പ്രചരിച്ചതോടെയാണ് ഉന്നാവ് പീഡനം പുറംലോകമറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ പിതാവ് ഏതാനും ദിവസങ്ങൾക്കുശേഷം മരിച്ചു. ഇതേത്തുടർന്ന് പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ കേസന്വേഷണം സംസ്ഥാന സർക്കാർ സിബിഐയെ ഏൽപിച്ചു. നാലുതവണ എംഎൽഎയായ സെൻഗരെ ഏപ്രിൽ 13ന് അറസ്റ്റ് ചെയ്തിരുന്നു.