Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് സമത്വ നിയമം ഇനി ഇന്ത്യയിൽ

phone

ന്യൂഡൽഹി∙ ഇന്ത്യയുടെ ഇന്റർനെറ്റ് സമത്വ (നെറ്റ് ന്യൂട്രാലിറ്റി) ചട്ടങ്ങൾക്കു ലോകത്തിന്റെ കയ്യടി. ലോകത്തെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് സമത്വ നിയമം ഇന്ത്യയിലാണെന്നു സാങ്കേതിക രംഗത്തെ വിദഗ്ധർ പറയുന്നു. സേവന ദാതാക്കളുടെ കൈകടത്തലില്ലാതെ ഇന്റർനെറ്റ് സേവനം സാധ്യമാക്കുന്നത് സ്റ്റാർട്ടപ് കമ്പനികൾക്കും മറ്റും കരുത്തേകുമെന്നു ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വേഗം കുറയ്ക്കുന്ന പോലെയുള്ള നടപടികളിലൂടെ ചില െവബ്സൈറ്റുകളോടു ടെലികോം സേവനദാതാക്കൾ വിവേചനം കാട്ടിയാൽ കർശന നടപടികൾ സ്വീകരിക്കും. ലൈസൻസ് നൽകുന്ന ചട്ടത്തിൽ ഇക്കാര്യങ്ങളും ഉൾപ്പെടുത്തും. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഇതിനുള്ള ഭേഗഗതി വരുത്തും.

ഇന്റർനെറ്റ് സമത്വത്തിനു വേണ്ടി 2015 മുതൽ ആരംഭിച്ച നീക്കങ്ങളാണു ഫലം കണ്ടത്. വാട്സാപ്, സ്കൈപ് തുടങ്ങിയ സേവനങ്ങൾക്ക് ഇന്റർനെറ്റ് ഡേറ്റ പ്ലാനിനു പുറമെ അധിക പണം ഈടാക്കണമെന്ന ടെലികോം സേവനദാതാക്കളുടെ ആവശ്യത്തോടെയാണു നെറ്റ് സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിച്ചത്. 2015 ജനുവരിയിൽ കേന്ദ്ര ടെലികോം മന്ത്രാലയം ഇതിനുള്ള കമ്മിറ്റി രൂപീകരിച്ചു. ഓവർ ദ് ടോപ്(ഒടിടി) സേവനങ്ങൾക്കുള്ള ചട്ടങ്ങൾ അതേ വർഷം മാർച്ചിൽ ടെലികോം നിയന്ത്രണ അതോറിറ്റിയും (ട്രായ്) അവതരിപ്പിച്ചു.

2016 ഫെബ്രുവരിയിൽ ഡേറ്റ സേവനങ്ങൾക്കു വ്യത്യസ്ത നിരക്ക് ഈടാക്കുന്നതു തടഞ്ഞു ട്രായ് ഉത്തരവിറക്കി. നെറ്റ് സമത്വത്തിന് ട്രായ് നിർദേശങ്ങൾ ടെലികോം മന്ത്രാലയം ക്ഷണിച്ചത് 2016 മാ‌ർച്ചിൽ. 2017 നവംബറിൽ തയാറാക്കിയ ചട്ടങ്ങൾക്കാണു കേന്ദ്ര ടെലികോം കമ്മിഷന്റെ അംഗീകാരം ലഭിച്ചത്.

ടെലികോം കമ്പനികളുടെ ഇടപെടൽ ഇല്ലാതാകും

െനറ്റ് സമത്വം ഇല്ലാതായാൽ ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തുമായിരുന്നു. ഏതൊക്കെ സർവീസുകൾ സൗജന്യമായി നൽകണം, ഓരോന്നിനും എത്രത്തോളം പണം ഈടാക്കണം, ഏതെല്ലാം വെബ്സൈറ്റുകൾ വേഗത്തിൽ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കൾക്കു തീരുമാനിക്കാമെന്ന സാഹചര്യം ഇനിയുണ്ടാവില്ല.

യുഎസ് ഉൾപ്പെടെ പല പ്രധാന ലോകരാജ്യങ്ങളിലും ഇന്റർനെറ്റ് സമത്വ ചട്ടങ്ങൾ പ്രാബല്യത്തിലില്ലെന്നത് ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഒബാമ സർക്കാർ കൊണ്ടുവന്ന നെറ്റ് സമത്വ നിയമങ്ങൾ യുഎസിൽ കഴിഞ്ഞ മാസം മുതൽ അസാധുവായിരുന്നു.