Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷനറീസ് ഓഫ് ചാരിറ്റിയെ ബിജെപി ഉന്നം വയ്ക്കുന്നു: മമത ബാനർജി

Mamata-Banerjee

കൊൽക്കത്ത∙ മദർ തെരേസ സ്ഥാപിച്ച സന്യാസ സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയെ ലക്ഷ്യംവച്ചു ബിജെപി കരുക്കൾ നീക്കുകയാണെന്നും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നവജാത ശിശുവിനെ വിറ്റുവെന്ന കുറ്റംചുമത്തി സഭയിലെ കന്യാസ്ത്രീയെയും അനാഥ മന്ദിരത്തിലെ വനിതാജീവനക്കാരിയെയും ജാർഖണ്ഡിൽ അറസ്റ്റ് ചെയ്തതിനെ മമത അപലപിച്ചു.

‘മദർ തെരേസ സ്ഥാപിച്ചതാണു മിഷനറീസ് ഓഫ് ചാരിറ്റി. അതിനെപ്പോലും അവർ വെറുതെ വിടുന്നില്ല. ഇത് അങ്ങേയറ്റം അപലപനീയമാണ്’– ട്വിറ്റർ സന്ദേശത്തിൽ മമത ചൂണ്ടിക്കാട്ടി. ഇതേസമയം, റാഞ്ചിയിലെ നിർമൽ ഹൃദയ് നാലു കുട്ടികളെ വിറ്റിട്ടുണ്ടെന്നും ഇതിൽ മൂന്നുപേരെ വീണ്ടെടുത്തതായും പൊലീസ് എസ്പി അനിസ് ഗുപ്ത പറഞ്ഞു. രക്ഷിച്ച മൂന്നു കുട്ടികളെയും ശിശുസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ഹോമിലേക്കു മാറ്റി.

ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കന്യാസ്ത്രീയെയും ജീവനക്കാരിയെയും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനിടെ നാലു കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്ത വിവരം ലഭിച്ചത്. നാലാമത്തെ കുഞ്ഞിനായി അന്വേഷണം തുടരുകയാണ്.

കുഞ്ഞുങ്ങളെ കൈമാറിയതിൽ മിഷനറീസ് ഓഫ് ചാരിറ്റിക്കു പങ്കില്ലെന്നു സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ്, തിയഡോർ മസ്കരാനസ് റാഞ്ചിയിൽ വ്യക്തമാക്കി. സത്യം പുറത്തു കൊണ്ടുവരാൻ അന്വേഷണം ആരംഭിച്ചതായി സന്യാസ സഭയുടെ വക്താവ് സുനിത കുമാർ അറിയിച്ചു.

related stories